Top Stories
പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്‌ സംസ്ഥനത്ത്‌ ആദ്യം
November 25, 2016

mao-125-Nov-2016

മലപ്പുറം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണു പൊലീസുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്‌. നിലമ്പൂര്‍ മൂത്തേടം പടുക്ക വനമേഖലയിലാണ്‌ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഇന്നലെ രൂക്ഷമായ വെടിവെയ്‌പ്പ്‌ നടന്നത്‌. വെടിവെയ്‌പ്പില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. കുപ്പു ദേവരാജ്‌, കാവേരിയെന്ന അജിത എന്നിവരാണ്‌ മരിച്ചതെന്ന്‌ തിരിച്ചറിഞ്ഞു. ഒരാള്‍ പരിക്കുകളോടെ പോലീസ്‌ കസ്റ്റഡിയില്‍ ഉണ്ടെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. നിലമ്പൂര്‍ സൗത്ത്‌ ഡിവിഷനുകീഴിലെ കരുളായി റെയിഞ്ചില്‍ പെട്ട മൂത്തേടം പടുക്ക വനമേഖലയിലെ ഉള്‍ക്കാടിലെ മാവോയിസ്റ്റ്‌ ക്യാമ്പില്‍ വച്ചാണ്‌ ഏറ്റുമുട്ടലുണ്ടായത്‌.
കുപ്പു ദേവരാജ്‌ മാവോയിസ്റ്റ്‌ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. മുന്‍കൂട്ടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അറുപതോളം പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ട്‌ സംഘം ഇന്നലെ പുലര്‍ച്ചെ കാടുകയറി വിദഗ്‌ധമായ പ്ലാനിംഗിലൂടെ നടത്തിയ തിരച്ചിലിലാണ്‌ മാവോവാദി ക്യാമ്പ്‌ കണ്ടെത്തിയത്‌. പോലീസ്‌ സംഘത്തെ കണ്ട മാവോയിസ്റ്റുകള്‍ ഇവര്‍ക്കുനേരെ വെടിയുയര്‍ത്തുകയായിരുന്നു.
ഇതിനെ തുടര്‍ന്ന്‌ തണ്ടര്‍ബോള്‍ട്ട്‌ അടങ്ങിയ പൊലീസ്‌ സംഘം തിരിച്ചുവെടിവെച്ചു. ഇന്നലെ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെയാണ്‌ വെടിവെയ്‌പ്പ്‌ നടന്നത്‌. പന്ത്രണ്ടോളം പേര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ കാട്ടിലേക്ക്‌ രക്ഷപ്പെട്ടു. അവര്‍ക്കുവേണ്ടി പൊലീസ്‌ സംഘം തിരച്ചില്‍ തുടരുകയാണ്‌.
2013 ഫെബ്രുവരിയിലാണ്‌ നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദികളുടെ സാന്നിധ്യം ആദ്യമായി കണ്ടത്‌. തുടര്‍ന്ന്‌ മൂത്തേടം, പുഞ്ചക്കൊല്ലി, കരുളായി, മാഞ്ചീരി, അമരമ്പലം, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലെല്ലാം മാവോയിസ്റ്റുകള്‍ നിരന്തരം എത്തി. സമീപ കാലങ്ങളില്‍ നിലമ്പൂരിലെ കരുളായി വനമേഖലയില്‍ മാവോയിസ്റ്റ്‌ സാന്നിധ്യം ശക്തമായിരുന്നു. സൈലന്റ്‌ വാലി മേഖലയിലേക്കും വയനാട്ടിലേക്കും തമിഴ്‌നാട്ടിലേക്കും കടക്കാമെന്നതാണ്‌ കരുളായി പടുക്ക മാവോയിസ്റ്റുകള്‍ കേന്ദ്രമായി തിരഞ്ഞെടുക്കാന്‍ കാരണം. ഇവിടെയുള്ള ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചായിരുന്നു മാവോവാദികളുടെ പ്രവര്‍ത്തനം. ആദിവാസി മേഖലകളില്‍ എത്തി ക്ലാസെടുക്കുകയും ലഘുലേഖ വിതരണം ചെയ്യുന്നതും പതിവായിരുന്നു. അവരില്‍ നിന്ന്‌ ഭക്ഷണത്തിനുള്ള അരി യും മറ്റും വാങ്ങിക്കുകയും വനത്തിലേക്ക്‌ തിരികെ മടങ്ങുകയുമായിരുന്നു പതിവ്‌.
ഇടയ്‌ക്ക്‌ ഇവിടെ സേനകളുമായി നേര്‍ക്കുനേര്‍ വരികയും അടുത്തിടെ വെടിവയ്‌പ്പുണ്ടാകുകയും ചെയ്‌തിരുന്നു. മുമ്പ്‌ രണ്ടു തവണ നിലമ്പൂര്‍ വനമേഖലയില്‍ പോലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ്‌ ഉണ്ടായിട്ടുണ്ട്‌. സെപ്‌റ്റംബറിലും ഫെബ്രുവരിയിലുമായിരുന്നു ഏറ്റുമുട്ടല്‍. എന്നാല്‍ നേര്‍ക്കുനേര്‍ ഇത്ര നീണ്ടുനിന്ന പോരാട്ടം ആദ്യമായിട്ടാണ്‌.
ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനി പൂത്തോട്ടം കടവില്‍ സൈലന്റ്‌ വാലി ഫോറസ്റ്റ്‌ സ്റ്റേഷന്റെ കീഴിലുള്ള വനം വകുപ്പ്‌ ഔട്ട്‌ പോസ്റ്റും ചക്കിക്കുഴി ഫോറസ്റ്റ്‌ സ്റ്റേഷന്റെ കീഴിലുള്ളവാച്ച്‌ ടവറൂം കത്തിക്കുകയും ജീവനക്കാരെ ബന്ധികളാക്കിയ ശേഷം വിട്ടയക്കുകയും ചെയ്‌തിരുന്നു. പൂത്തോട്ടം കടവ്‌ ഔട്ട്‌ പോസ്റ്റിലെ ആദിവാസി വാച്ചറായ അജയന്‍, മണികണ്‌ഠന്‍ സൈലന്റ്‌ വാലി ഔട്ട`്‌ പോസ്റ്റിലെ താല്‍ക്കാലിക ജീവനക്കാരനായ ആലി എന്നിവരെയാണ്‌ മാവോയിസ്റ്റുകള്‍ അന്ന്‌ ബന്ധികളാക്കിയിരുന്നത്‌.
തണ്ടര്‍ബോള്‍ട്ട്‌ സേനാംഗങ്ങളുടെ വേഷത്തില്‍ എത്തിയ സംഘം വനം വകുപ്പിന്റെ ബോര്‍ഡില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരെ ബന്ധികളാക്കിയ ശേഷം കെട്ടിടങ്ങള്‍ക്ക്‌ തീയിടുകയായിരുന്നു.
ഒന്നര മണിക്കൂറിന്‌ ശേഷം മൊബൈയില്‍ ഫോണിലെ സിം കാര്‍ഡ്‌ ഊരി മാറ്റിയതിന്‌ ശേഷം ഇവരെ വിട്ടയച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരെയാണ്‌ ഞങ്ങള്‍കാവശ്യം കാക്കിയിട്ടവരെ വനത്തിനകത്ത്‌ കണ്ടാല്‍ വെടിവെക്കും മാവോയിസ്റ്റുകള്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Share this post: