Top Stories
പോലീസ്‌-മാവോയിസ്‌റ്റ്‌ വെടിവെയ്‌പ്പ്‌: പോലീസ്‌ സ്‌റ്റേഷനുകള്‍ക്കും ഫോറസ്‌റ്റ്‌ സ്‌റ്റേഷനുകള്‍ക്കും കനത്ത സുരക്ഷ
November 25, 2016

25-Nov-2016

നിലമ്പൂര്‍ : വ്യാഴാഴ്‌ച പടുക്ക വനമേഖലയില്‍ പോലീസ്‌ വെടിവെയ്‌പ്പില്‍ മൂന്ന്‌ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടതായുള്ള പോലീസിന്റെയും വനംവകുപ്പിന്റെയും സ്ഥിരീകരണം വന്നതോടെ വനാതിര്‍ത്തികളിലെ പോലീസ്‌, ഫോറസ്‌റ്റ്‌ സ്‌റ്റേഷനുകള്‍ക്കും അതീവ സുരക്ഷ ഒരുക്കാന്‍ വനം, പോലീസ്‌ വകുപ്പുകളുടെ നിര്‍ദ്ദേശം. മാവോയിസ്‌റ്റ്‌ സാന്നിധ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമ്പോഴും വനം വകുപ്പ്‌ വനാതിര്‍ത്തികളിലെ ഫോറസ്‌റ്റ്‌ ഔട്ട്‌ പോസ്‌റ്റുകള്‍ക്ക്‌ ഒരു സുരക്ഷയും ഒരുക്കിയിട്ടില്ലെന്നുള്ളത്‌ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ്‌ നിലമ്പൂര്‍, വഴിക്കടവ്‌ പോലീസ്‌ സ്‌റ്റേഷനുകള്‍ക്കുള്‍പ്പെടെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്‌. മതിലുകള്‍ക്ക്‌ മുകളില്‍ കമ്പിവേലിയും മുന്‍വശത്തെ വാതിലിന്‌ മുന്നില്‍ സുരക്ഷാ സംവിധാനവും കനത്ത ഗേറ്റും സ്ഥാപിച്ചുകഴിഞ്ഞു. പടുക്ക സ്റ്റേഷനില്‍ ഉള്‍പ്പെടെ രാത്രികാലങ്ങളില്‍ നാമമാത്ര വനപാലകരാണ്‌ ഉള്ളത്‌. ഇവര്‍ക്ക്‌ മാവോയിസ്‌റ്റിനെ നേരിടുന്നതിന്‌ യാതൊരുവിധ സംവിധാനങ്ങളും നിലവിലില്ല. റെയ്‌ഞ്ച്‌ ഓഫീസര്‍മാരും ഡിഎഫ്‌ഒമാരും ഉള്‍പ്പെടെയുള്ള ഉന്നത വനപാലകര്‍ സുരക്ഷിതരാണെങ്കിലും ഡെപ്യൂട്ടി റെയ്‌ഞ്ചര്‍ മുതല്‍ താഴേക്കുള്ള വനപാലകര്‍ ജീവന്‍ പണയം വെച്ചാണ്‌ ഇത്തരം ഫോറസ്‌റ്റ്‌ സ്‌റ്റേഷനുകളില്‍ രാത്രി വെളുപ്പിക്കുന്നത്‌. മാവോയിസ്‌റ്റ്‌ സാന്നിധ്യം കൂടുതലുള്ള ഫോറസ്‌റ്റ്‌ സ്‌റ്റേഷനുകള്‍ക്ക്‌ പോലീസ്‌ സുരക്ഷയടക്കം ഒരുക്കേണ്ടത്‌ അനിവാര്യമാണ്‌. മാവോയിസ്‌റ്റുകള്‍ വധിക്കപ്പെട്ട സാഹചര്യത്തില്‍ മാവോയിസ്‌റ്റുകളുടെ ഭാഗത്ത്‌ നിന്നും പ്രതികാരനടപടി ഉണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്‌. മാവോയിസ്‌റ്റ്‌ വേട്ടക്കായി പ്രത്യേക പരിശീലനം ലഭിച്ച തണ്ടര്‍ബോള്‍ട്ട്‌ സംഘം മേഖലയില്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ടെങ്കിലും നിലമ്പൂര്‍ വനമേഖലയുടെ കിടപ്പും മാവോയിസ്‌റ്റ്‌ സാന്നിധ്യവും പരിശോധിക്കുമ്പോള്‍ നിലവിലുള്ള സുരക്ഷ പരിമിതമാണ്‌. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ്‌ വനപാലകര്‍ക്കും പോലീസിനും നാട്ടുകാര്‍ക്കുമുള്ളത്‌.

Share this post: