Top Stories
പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ ജനകീയ സമരസമിതി സമരം ശക്തമാക്കുമെന്ന് ഭാരവാഹികള്‍
July 02, 2017

02-Jul-2017
മലപ്പുറം: കൊച്ചിയില്‍ നിന്നും മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും മലബാറിലൂടെ കടന്നുപോവുന്ന പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ ജനകീയ സമരസമിതി സമരം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1962ലെ പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ് ലൈന്‍ ആക്ട് അനുസരിച്ചാണ് ഗെയില്‍ വാതക പൈപ്പ് ലൈനുകള്‍ വിന്യസിക്കുന്നത്.
നിയമമനുസരിച്ച് ജനവാസമേഖലയിലൂടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ പാടില്ലാത്തതാണ്. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാ ക്കിയ നിയമത്തെ കാറ്റില്‍ പറത്തിയാണ് മലപ്പുറം കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ ജനസാന്ദ്രത കൂടിയ മേഖലയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. 2012ല്‍ കമ്മീഷന്‍ ചെയ്യേണ്ട പദ്ധതി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് പദ്ധതി പുനഃരാരംഭിക്കാന്‍ കമ്പനി തീരുമാനിച്ചത്. സര്‍ക്കാറിന്റെ ശക്തമായ പിന്തുണയോടെ വന്‍ പൊലീസ് സന്നാഹത്തിലാണ് ഗെയില്‍ ഇപ്പോള്‍ സര്‍വ്വേ നടപടികള്‍ നടത്തുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് ഗെയില്‍ മുന്നോട്ട് പോകുന്നത്.
മുറിച്ച് മാറ്റേണ്ട മരത്തിന്റെ കണക്കെടുക്കാന്‍ പൊലീസും ഗെയില്‍ ഉദ്യോഗസ്ഥരും വരുമ്പോള്‍ മാത്രമാണ് ഭൂമി ഏറ്റെടുത്ത വിവരം ഭൂവുടമകള്‍ പോലും അറിയുന്നത്. നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പായി ഭൂവുടമകള്‍ക്ക് നല്‍കേണ്ട നോട്ടീസ് നല്‍കാതെയും ഹിയറിങ്ങ് നടത്താതെയുമാണ് ഭൂമി ഏറ്റെടുത്ത് വിജ്ഞാപനമിറക്കിയിരിക്കുന്നതെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. മാന്യമായ നഷ്ടപരിഹാര തുക പോലും ഗെയില്‍ നല്‍കുന്നില്ല.
ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂവുടമയില്‍ നിലനിര്‍ത്തികൊണ്ട് ഭൂമിയുടെ ഉപയോഗാവകാശമാണ് ഗെയില്‍ ഏറ്റെടുക്കുന്നത്. ജനസാന്ദ്രതയ്ക്ക് അനുസരിച്ച് ലൊക്കേഷന്‍ നമ്പര്‍ നാലില്‍ ഉള്‍പ്പെടേണ്ട ജനവാസമേഖലയെ ലൊക്കേഷന്‍ നമ്പര്‍ രണ്ടില്‍ ഉള്‍പ്പെടുത്തി നിലവാരം കുറഞ്ഞ പൈപ്പുകളും സുരക്ഷാമാനദണ്ഢങ്ങളും ഒഴിവാക്കിയാണ് ഗെയില്‍ അലൈന്‍മെന്റ് നിശ്ചയിച്ചത്. ഇത് അപകട സാധ്യത വലിയതോതില്‍ വര്‍ദ്ധിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 24 കിലോമീറ്ററിലാണ് വാല്‍വ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
ഒന്നര മീറ്റര്‍ താഴ്ചയില്‍ മാത്രമാണ് പൈപ്പിടുകയുളളൂവെന്നാണ് ഗെയില്‍ വ്യക്തമാക്കിയത്. ഏത് കെട്ടിടത്തില്‍ നിന്നും 15 മീറ്റര്‍ സുരക്ഷാ ദൂരപരിധി പാലിച്ചേ പൈപ്പിടാന്‍ പാടുളളൂവെന്ന് പറയുന്നുണ്ടെങ്കിലും നിലവില്‍ വിവിധ വീടുകള്‍ക്കിടയിലൂടെയും തൊട്ടടുത്ത് കൂടെയുമാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ഉയര്‍ ത്തുന്ന സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ അധികാരികള്‍ക്ക് കഴിയുന്നുമില്ല. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തിലും കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കലക്ടര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. നിയമവും സുരക്ഷാമാനദണ്ഡങ്ങളും കാറ്റില്‍ പറത്തികൊണ്ടുളള ഗെയിലിന്റെ നടപടികളെ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അതിനെ കുറിച്ച് അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഗെയിലിനെ ശക്തമായി നേരിടാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.
പത്രസമ്മേളനത്തില്‍ സമരസമിതി കണ്‍വീനര്‍ പി എ സലാം, സമരസമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കൊടക്കാടന്‍, ജോയിന്റ് കണ്‍വീനര്‍ കെ മന്‍സൂര്‍ പളളിമുക്ക്, ഗെയില്‍ വിക്ടിം ലീഗല്‍ സെന്‍ ചെയര്‍മാന്‍ അഡ്വ. വി ടി പ്രദീപ്കുമാര്‍, ഗെയില്‍ വിക്ടിം ഫോറം സംസ്ഥാന വൈസ് ചെയര്‍ മാന്‍ രാഘവന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share this post: