Top Stories
പ്രവേശനോത്സവാഹ്ലാദം തിരതല്ലുമ്പോഴും എലമ്പ്രയും പുല്ലൂരും മോഹഭംഗചുഴിയില്‍
June 02, 2017

02-Jun-2017
മഞ്ചേരി: നാടെങ്ങും പ്രവേശനോത്സവം കൊണ്ടാടുമ്പോള്‍ മഞ്ചേരി നഗരസഭയിലെ എലമ്പ്രയിലും പുല്ലൂരിലുമുള്ളവരുടെ വിദ്യാഭ്യാസമോഹങ്ങള്‍ക്ക് ഭംഗം വന്നിരിക്കയാണ്. മൂന്നു പതിറ്റാണ്ടിലേറെയായി സ്‌കൂളിനായി സ്ഥലം വാങ്ങി കാത്തിരിക്കുന്ന എലമ്പ്ര നിവാസികള്‍ക്ക് ഇത്തവണ സ്‌കൂള്‍ ലഭിക്കുമെന്ന പ്രതിക്ഷയുണ്ടായിരുന്നുവെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. 1985ലാണ് നാട്ടുകാര്‍ പിരിവെടുത്ത് എലമ്പ്രയില്‍ സ്‌കൂളിനായി ഒരേക്കര്‍ സ്ഥലം വാങ്ങിയത്. മുന്നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ കുട്ടികള്‍ ഇപ്പോള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് മൂന്നു കിലോ മീറ്റര്‍ നടന്ന് ചെറുകുളം, തോട്ടുപൊയില്‍ സ്‌കൂളുകളെയോ നാലു കിലോമീറ്റര്‍ നടന്ന് ചെറാങ്കുത്ത് സ്‌കൂളിനെയോ അഞ്ചു കിലോമീറ്റര്‍ നടന്ന് വടക്കാങ്ങര സ്‌കൂളിനെയോ ആണ്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ കുട്ടികള്‍ക്ക് നിത്യേന ഓട്ടോറിക്ഷകളെയോ ബസ്സുകളെയോ ആശ്രയിക്കാനുമാവുന്നില്ല.

1946ലാണ് പുല്ലൂര്‍ ജി എല്‍ പി സ്‌കൂള്‍ ആരംഭിച്ചത്. 1974ല്‍ ഇത് യു പി ആക്കി ഉയര്‍ത്തി. എന്നാല്‍ ഹൈസ്‌ക്കൂളാക്കി ഉയര്‍ത്താനുള്ള നാട്ടുകാരുടെയും സ്‌കൂള്‍ അധികൃതരുടെയും ശ്രമത്തിന് കാല്‍ നൂറ്റാണ്ടായി വിജയം കണ്ടെത്താനായില്ല. 2016 മാര്‍ച്ച് ഒന്നിന് സ്‌കൂള്‍ ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നെങ്കിലും ഇതു സംബന്ധിച്ച് ജി ഒ പുറപ്പെടുവിക്കാന്‍ മാര്‍ച്ച് നാലിന് വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം തടസ്സമായി. തുടര്‍ന്ന് നാട്ടുകാരും വിവിധ സംഘടനകളും നാട്ടില്‍ ആഹ്ലാദപ്രകടങ്ങളും ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കലും നടത്തിയെങ്കിലും പുതിയ സര്‍ക്കാര്‍ വന്നതോടെ തീരുമാനം മാറി. തുടര്‍ന്ന് കോടതിയെ സമീപിച്ചെങ്കിലും സ്‌കൂള്‍ മാപ്പിംഗില്‍ ഉള്‍പ്പെട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതിയും കയ്യൊഴിഞ്ഞു. പിന്നീട് നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ സ്‌കൂള്‍ മാപ്പിംഗില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായി. സ്‌കൂളില്‍ എട്ടാം ക്ലാസ് ആരംഭിക്കണമെന്ന് മെയ് 24ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഈ വിധി അംഗീകരിക്കാനാവില്ലെന്നും വിധിക്കെതിരെ അപ്പീല്‍പോകുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ ആശ്രയമായേക്കാവുന്ന ഈ വിദ്യാലയത്തിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് മുനിസിപ്പല്‍ കൗണ്‍സിര്‍മാരായ വല്ലാഞ്ചിറ മുഹമ്മദലി, ഷീബാ രാജന്‍, കെ പി ഉമ്മര്‍, മുന്‍കൗണ്‍സിലര്‍മാരായ മേച്ചേരി ഉമ്മര്‍കുട്ടി ഹാജി, ചിറക്കല്‍ രാജന്‍, യു ടി ഇസ്മായില്‍, എസ് എം സി ഭാരവാഹികളായ കെ എം ഹുസൈന്‍, വല്ലാഞ്ചിറ നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share this post: