Top Stories
പ്ലാസ്റ്റിക് മുക്ത സമൂഹ നോമ്പ്തുറ മാതൃകയാവുന്നു
May 28, 2017

28-May-2017
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്നലെ ആരംഭിച്ച സമൂഹ നോമ്പുതുറയില്‍ പൂര്‍ണമായും പ്ലാസ്റ്റിക്, ഡിസ്‌പോസിബ്ള്‍ പാത്രങ്ങളും ഗ്ലാസുകളും ഒഴിവാക്കി മാതൃകയായി. ആയിരത്തിലേറെ പേര്‍ സംബന്ധിക്കുന്ന സമൂഹ നോമ്പ്തുറയില്‍ സ്റ്റീല്‍ ഗ്ലാസ്, പാത്രങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. സര്‍ക്കാറിന്റെ ഹരിത പദ്ധതിയോട് പൂര്‍ണമായും സഹകരിക്കാന്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. റമളാന്‍ മുപ്പത് ദിവസവും നോമ്പ്തുറ, അത്താഴം എന്നിവയിലും ഈ മാതൃക പിന്തുടരും. കഴിഞ്ഞ പത്ത് വര്‍ഷമായി മഅ്ദിന്‍ കാമ്പസില്‍ വിപുലമായ രീതിയില്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ച് വരുന്നുണ്ട്. യാത്രക്കാര്‍, ഉദ്യോഗസ്ഥര്‍, വിവിധ ഹോസ്പിറ്റലിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍, സാധാരണക്കാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായിട്ടുണ്ട് ഈ സമൂഹ ഇഫ്ത്വാര്‍. പരിസരപ്രദേശങ്ങളിലെ വീടുകളില്‍ നിന്നെത്തിക്കുന്ന പത്തിരി, മറ്റു വിഭവങ്ങള്‍ ഇതെല്ലാം ഈ ഇഫ്ത്വാറിനെ ജനകീയമാക്കുന്നു. ബാങ്ക് വിളിച്ച ഉടനെ കാരക്കയും വെള്ളവും ഉപയോഗിച്ച് നോമ്പ്തുറന്ന് മഗ്‌രിബ് നിസ്‌കാര ശേഷം പത്തിരി, ബിരിയാണി, ഫ്രൂട്ട്‌സ്, പൊരികള്‍ തുടങ്ങിയ വിഭവ സമൃദ്ധമായ ഇഫ്ത്വാറാണ് മഅ്ദിന്‍ അക്കാദമിയുടെ കീഴില്‍ നടന്ന് വരുന്നത്.

Share this post: