08, June 2016
മലപ്പുറം : കാളികാവ് കരുത്തേനി കാസ്ക് സാംസ്കാരിക ക്ലബ്ബ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരം മംഗളം മലപ്പുറം ജില്ലാ ബ്യൂറോയിലെ ലേഖകന്‍ ഫ്രാന്‍സിസ് ഓണാട്ടിനു സമ്മാനിച്ചു. എന്‍.ഐ.എ. കൊച്ചി അഡീഷണല്‍ എസ്.പി. എ.പി.ഷൌക്കത്ത് അലിയാണ് പുരസ്കാരം സമ്മാനിച്ചത്. കലാരംഗത്തെ മികവിനുള്ള പുരസ്കാരം കഥകളിയാചാര്യന്‍ കലാമണ്ഡലം പ്രഫ.ശങ്കര നാരായണനും മാപ്പിളപ്പാട്ട് കലാകാരന് സി.ടി.അസൈനാരും ഏറ്റുവാങ്ങി.
മൂന്നരപ്പതിറ്റാണ്ടായി മാധ്യമ പ്രവര്‍ത്തന രംഗത്തുള്ള ഫ്രാന്‍സിസിനു സാഹിത്യഭൂമി ചെറുകഥാ പുരസ്കാരം, ആജ്കാ പുരസ്കാരം, ക്ലാസ്സിക് പുരസ്കാരം, ഫാം ഫീച്ചര്‍ പുരസ്കാരം, നാസ്കോ പുരസ്കാരം, വനം-നദീജല സംരക്ഷണ സമിതി പുരസ്കാരം, സഹൃദയ വേദി പുരസ്കാരം, പാലൂര് കളരിക്കല്‍ പുരസ്കാരം, റാഫ് പുരസ്കാരം, ഇസ്ക്ര തീയറ്റേഴ്സ് മാധ്യമ പുരസ്കാരം, മലബാര്‍ വിഷന്‍ പുരസ്കാരം, ആശ്രയ ചെറുകഥാ പുരസ്കാരം, കര്‍ഷക കോണ്‍ഗ്രസ്സ് പുരസ്കാരം എന്നീ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ചടങ്ങില്‍ ടി.ടി.ഫിറോസ് അധ്യക്ഷത വഹിച്ചു. കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. സെയ്താലി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം സി.ടി.സക്കറിയ, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ, കാസ്ക് പ്രസിഡന്റ് പി.അയൂബ് എന്നിവര്‍ പ്രസംഗിച്ചു.