12-Dec-2016
കുറ്റിപ്പുറം: ബസ് യാത്രക്കാരിയായ സ്ത്രീയെ മയക്കി ആഭരണം കവര്‍ന്ന കേസിന്റെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പോലിസ്. സമാനമായ സംഭവം എടപ്പാളിലും ഉണ്ടായതിനാല്‍ ഈ രണ്ടു സംഭവത്തിലുമുള്പ്പെട്ട പ്രതികള്‍ ഒരേ സംഘക്കാരാണെന്ന നിഗമനത്തിലാണ് പോലിസ്. വെള്ളിയാഴ്ച വൈകിട്ടാണ് തൃക്കണാപുരം കാഞ്ഞിരക്കുറ്റയില് നിന്നും കുറ്റിപ്പുറത്തേക്കുള്ള ബസില്‍ കയറിയ തെക്കന്‍ കുറ്റൂര്‍ സ്വദേശിനി കിഴക്കേ വീട്ടില്‍ കമലയുടെ മൂന്ന് പവന് തൂക്കം വരുന്ന മാലയും വളയും കവര്‍ന്നത്. ബസിനകത്ത് ബോധക്ഷയമുണ്ടായ കമലയെ തൊട്ടടുത്ത സീറ്റിലിരുന്നിരുന്ന യുവതി കുറ്റിപ്പുറത്തിറങ്ങാന് സഹായിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ അരികില്‍ വീട്ടമ്മയെ ഇരുത്തി കൂടെയുണ്ടായിരുന്ന സ്ത്രീ മാലയും വളയും അഴിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മക്ക് ബോധം തെളിഞ്ഞപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരമറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലിസ് ബസ്്സ്റ്റാന്റില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദ സഹചര്യത്തില്‍ ആരേയും കണ്ടെത്താനായില്ല. അന്നുതന്നെയാണ് എടപ്പാള്‍ ജങ്ഷനിലെ തൃശൂര്‍ റോഡില്‍ ബസ് കാത്തു നിന്നിരുന്ന നെല്ലിശ്ശേരി സ്വദേശിനിയായ സ്ത്രീയെ ഏതോ ദ്രാവകം മണപ്പിച്ച് അബോധാവസ്ഥയിലാക്കി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം വെച്ച് കൈയ്യില്‍ കിടന്ന സ്വര്‍ണവള ഊരിയെടുത്ത് തട്ടിപ്പ് നടത്തിയത്. ഈ സംഭവം ചങ്ങരംകുളം പോലിസ് അന്വേഷണം ആരംഭിച്ചുവരികയാണ്. സമാന രീതിയിലുണ്ടായ രണ്ട് തട്ടിപ്പുകളും ഒരേ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് നടത്തിയതെന്നുള്ള നിഗമനത്തിലാണ് പോലിസ്. സമാനരീതിയിലുള്ള തട്ടിപ്പുകളില്‍ പിടിയിലായവരെക്കുറിച്ചുള്ള അന്വേഷണവും പോലിസ് ആരംഭിച്ചിട്ടുണ്ട്.