Top Stories
ബാങ്കുകള്‍ ഇടപാടുകാരെ കൊള്ളയടിക്കുന്നു : വി സെയ്‌ദ്‌ മുഹമ്മദ്‌ തങ്ങള്‍
December 08, 2016

07-Dec-2016

പൊന്നാനി: ഡിജിറ്റല്‍ മണിയിലേക്ക്‌ മാറുവാനാവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന്‌ തോന്നിയപോലെ സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ ഈടാക്കാന്‍ ബാങ്കുകള്‍ക്ക്‌ അവസരമൊരുക്കിയിരിക്കുകയാണ്‌. ഇതിലൂടെ ബാങ്കുകള്‍ ഇടപാടുകാരെ കൊള്ളയടിക്കുകയാണെന്നും കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗം വി സെയ്‌ദ്‌ മുഹമ്മദ്‌ തങ്ങള്‍ കുറ്റപ്പെടുത്തി.

പൊന്നാനി ബസ്‌ സ്റ്റാന്റ്‌ യുഡിഎഫ്‌ സായാഹ്ന സദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടുവിതരണത്തില്‍ പോലും മലപ്പുറം ജില്ലയോട്‌ ബാങ്ക്‌ അധികൃതര്‍ യാതൊരു തത്വദീഷയുമില്ലാതെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

ബഹുഭൂരിപക്ഷം ബാങ്കുകളിലും എ ടി എമ്മുകളിലും പണമില്ലാത്ത അവസ്ഥയാണ്‌. വ്യാപാരികളും നിര്‍മ്മാണ മേഖലയും ചെറുകിട കമ്പനികളും നോട്ട്‌ പിന്‍വലിച്ചത്‌ മുതല്‍ ശമ്പളം കൊടുക്കാനും വാടക കൊടുക്കാനും കഴിയാതെ കഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന്‌ തങ്ങള്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പദ്‌ഘടന പൂര്‍ണ്ണമായും തകര്‍ത്ത്‌ കള്ളപ്പണം കണ്ടെത്താമെന്ന മോദിയുടെ നയം വിപരീത ഫലമുണ്ടാക്കിയിരിക്കുന്നതായും തങ്ങള്‍ പറഞ്ഞു. പ്രശനത്തിന്‌ എത്രയും പെട്ടെന്ന്‌ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ നഗരസഭ ചെയര്‍മാന്‍ വി.പി ഹുസൈന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

പി ടി അലി, ടി കെ അഷ്‌റഫ്‌, ഉണ്ണികൃഷ്‌ണന്‍ പൊന്നാനി, എ ബി ഉമ്മര്‍കുട്ടി, അഹമ്മദ്‌ ബാഫഖി തങ്ങള്‍, എം.അബ്ദുല്‍ ലത്തീഫ്‌, വി വി ഹമീദ്‌, നാസര്‍ പുത്തന്‍കുളം, എ ഗംഗാധരന്‍ സംസാരിച്ചു.

Share this post: