Top Stories
ബിഒടി മത്സ്യമാര്‍ക്കറ്റ്‌ നിര്‍മ്മാണം: പെരിന്തല്‍മണ്ണ നഗരസഭക്കെതിരെ വിജിലന്‍സ്‌ അന്വേഷണം
December 03, 2016

03-Dec-2016

പെരിന്തല്‍മണ്ണ: മുന്‍സിപ്പാലിറ്റിയുടെ ജൂബിലി ബൈപ്പാസ്‌ റോഡിലെ ബിഒടി മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ വ്യാപകമായ അധികാര ദുര്‍വിനിയോഗവും, അഴിമതിയും, നിയമ ലംഘനങ്ങളും നടന്നിട്ടുണ്ടെന്നും, തല്‍ സംബന്ധമായി അഴിമതി നിരോധന നിയമത്തിലെ 13,15 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 407,420,468,471,120 ബി എന്നീ ജാമ്യമില്ലാ വകുപ്പുകളും, അനുബന്ധമായ മറ്റ്‌ വകുപ്പുകളും ചേര്‍ത്ത്‌ എഫ്‌.ഐ.ആര്‍ രജിസ്‌ട്രര്‍ ചെയ്‌ത്‌, പ്രതികര്‍ക്കെതിരെ വിശദമായ അന്വഷണം നടത്തി എത്രയും വേഗം അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കോഴിക്കോട്‌ വിജിലന്‍സ്‌ സ്‌പെഷ്യല്‍ ജഡ്‌ജി വിപ്രകാശ്‌ നവംബര്‍ 10ന്‌ ഉത്തരവിട്ടതായി എസ്‌കെ ലെയിന്‍ കാവുങ്ങല്‍പറമ്പ്‌ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിജിലന്‍സ്‌ ആന്റ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ മലപ്പുറം ഡിവൈഎസ്‌പിയെയാണ്‌ കോടതി അന്വഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്‌. കാവുങ്ങല്‍പറമ്പിലെ നല്ലടിയില്‍ സുരേഷ്‌ ബാബു എന്ന വിമുക്തഭടനാണ്‌ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തത്‌.

പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍മാരായിരുന്ന സി ദിവാകരന്‍, കെ ടി നാരായണന്‍ സെക്രട്ടറിമാരായിരുന്ന സുധാകരന്‍, കെ കെ ബഷീര്‍, കെ എസ്‌ ലളിതാംബിക വൈസ്‌ ചെയര്‍മാന്‍മാരായിരുന്ന നൂര്‍ജഹാന്‍ മാര്‍ക്കറ്റ്‌ നിര്‍മ്മാണ പദ്ധതി ഏറ്റെടുത്ത വ്യാപാരികളായ എച്ച്‌ ആര്‍ ഷൗക്കത്ത്‌, എച്ച്‌ ആര്‍ റിയാസ്‌, എച്ച്‌ ആര്‍ റഷീദ്‌, പാലക്കല്‍ മുസ്‌തഫ, പൊതുമരാമത്ത്‌ സ്ഥിരസ്ഥിതി ചെയര്‍മാനായിരുന്ന കെ സി ഇബ്രാഹിം എന്നി പതിനൊന്ന്‌ പേരെ പ്രതികളാക്കി ബോധിപ്പിച്ച സ്വകാര്യ അന്യായത്തിലാണ്‌ പ്രസ്‌തുത ഉത്തരവ്‌.
മത്സ്യ മാര്‍ക്കറ്റിന്‌ വേണ്ടി തൊണ്ണൂറ്റി രണ്ടേകാല്‍ സെന്റ്‌ നെല്‍വയല്‍ വാങ്ങിയത്‌, വയല്‍ അനുവാദമില്ലാതെ മണ്ണ്‌ ഇട്ട്‌ നികത്തിയത്‌, മാലിന്യ നിയന്ത്രണ ബോര്‍ഡിന്റെ അനുവാദം വാങ്ങാതെയുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍, ബി.ഒ.ടി കരാറിലൂടെ നഗരസഭക്ക്‌ കനത്ത സാമ്പത്തീക നഷ്ടത്തിനിടയാക്കുന്ന വകുപ്പുകള്‍ ഉള്‍പെടുത്തല്‍ തുടങ്ങി പ്രതികളുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുള്ള ഗുരുതരമായ വീഴ്‌ചകളും, ഗൂഢാലോചനയും, കുറ്റക്രിത്യങ്ങളും, നിയമംഘനങ്ങളും കോടതി ഗൗരവമായി ഉത്തരവില്‍ നിരിക്ഷിച്ചിട്ടുണ്ട്‌. ഇനിയും ഒരേക്കര്‍ പാടശേഖരം കൂടി അക്വയര്‍ ചെയ്യാനുള്ള നഗരസഭയുടെ നീക്കവും ആരോപണ വിധേയമായിരിക്കുകയാണ്‌ നിലവിലുണ്ടാക്കിയ ബി ഒ ടി കരാര്‍ പ്രകാരം നഗരസഭക്ക്‌ വളരെ തുച്ചമായ വരുമാനം മാത്രമാണ്‌ ലഭിക്കുവാന്‍ പോവുന്നതെന്നും, നികുതി ദായകരായ പൊതുജനങ്ങളെ നോക്കുകുത്തികളാക്കി അരങ്ങേറിയ വലിയ അഴിമതിയുടെ കഥ കളാണ്‌ വരും നാളുകളില്‍ ചുരുളഴിയാന്‍ പോകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. അഡ്വ. കെ പിരാജഗോപാല്‍ (കോഴിക്കോട്‌) അന്യായക്കാരന്‌ വേണ്ടി ഹാജരായത്‌.

വാര്‍ത്താ സമ്മേളനത്തില്‍ എസ്‌ കെ ലെയിന്‍ കാവുങ്ങല്‍പറമ്പ്‌ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളായ സി പി കേശവനുണ്ണി, ലിയാഖത്ത്‌ അലിഖാന്‍, ടി കെ.കൃഷ്‌ണന്‍ നായര്‍, നല്ലടിയില്‍ സുരേഷ്‌ ബാബു, സി.ഉണ്ണികൃഷ്‌ണന്‍,ഷീബാഗോപാല്‍, വി ഭാനുമതി, വിജയ സോമന്‍ അറിയിച്ചു.

Share this post: