29-Dec-2016
വേങ്ങര: ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയിലിട്ട് വെട്ടിക്കൊന്നു. കണ്ണമംഗലം വാളക്കുടയില്‍ പൂഴിക്കുന്നത്തു അബ്ദുള്ളക്കുട്ടി (70)യാണ് തന്റെ ആദ്യ ഭാര്യ റുഖിയ(60)യെ വെട്ടിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അബ്ദുള്ളക്കുട്ടി തന്റെ രണ്ടാം ഭാര്യയേയും മക്കളെയും മുറിക്കു പുറത്താക്കി വാതിലടച്ചു കുറ്റിയിട്ട ശേഷം അരിവാള്‍ കത്തി ഉപയോഗിച്ച് റുഖിയയെ തുടരെതുടരെ വെട്ടുകയായിരുന്നുവത്രെ. പ്രതിയുടെ ആക്രോശവും സ്ത്രീയുടെ നിലവിളിയും കേട്ട് രണ്ടാം ഭാര്യയും മക്കളും വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൃത്യത്തിനു ശേഷം പ്രതി വാതില്‍ തുറന്നു പുറത്തു വരികയായിരുന്നു. ഓടിക്കൂടിയ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് റുഖിയയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചതായി സൂചനയുണ്ട്. മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ പ്രേംജിത്തിനാണ് അന്വേഷണ ചുമതല.
ഇപ്പോഴുള്ള രണ്ടു ഭാര്യമാരെ കൂടാതെ അബ്ദുള്ളക്കുട്ടിക്ക് നേരത്തെ മറ്റു രണ്ടു ഭാര്യമാരുണ്ടായിരുന്നതായി പറയപ്പെടുന്നു. കൊല്ലപ്പെട്ട റുഖിയക്കു ഇയാളില്‍ മക്കളില്ല. വയനാട് ചൂരല്‍മല സ്വദേശി പരേതരായ നല്ലാട്ടുതൊടിക സൈദുവിന്റെയും ബിയ്യാത്തുമ്മയുടെയും മകളാണ് റുഖിയ. റുഖിയക്കു ആദ്യ ഭര്‍ത്താവില്‍ ഹസ്മ എന്ന മകളുണ്ട്. റുഖിയയുടെ സഹോദരങ്ങള്‍ അസൈനാര്‍, റസാഖ്, അഷ്റഫ്, സലാം (എല്ലാവരും വയനാട്). മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച സ്വദേശമായ വയനാട് ചൂരല്‍ മലയിലേക്കു കൊണ്ട് പോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.