Top Stories
ഭിന്ന ശേഷിക്കാര്‍ക്കായി പുനരധിവാസ കേന്ദ്രം: വിശദ പദ്ധതി രേഖ തയ്യാറാക്കും
July 17, 2017

16-Jul-2017
മലബാര്‍ മേഖലയിലെ ഭിന്ന ശേഷിക്കാരുടെ പുനരധിവാസം വിദ്യാഭ്യാസം, നൈപുണി വികസനം എന്നിവയ്‌ക്കായി ജില്ലയില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്ഥാപിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ വിശദ പദ്ധതി രേഖ ഒരു മാസത്തിനകം തയ്യാറാക്കാന്‍ ജില്ലാ കലക്‌ടര്‍ അമിത്‌ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ സമഗ്ര പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നത്‌. ഡി.പി.ആര്‍ തയ്യാറാക്കുന്നതിന്‌ 10 ലക്ഷം രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ അറിയിച്ചു. വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാരുടെ ഉന്നമന്നത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ രാജ്യത്ത്‌ തന്നെ കുറവാണ്‌. ജില്ലയില്‍ ഭിന്നശേഷിക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ്‌ ആരോഗ്യ വകുപ്പ്‌, സാമൂഹ്യനീതി വകുപ്പ്‌, വിദ്യാഭ്യാസ വകുപ്പ്‌, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയെ സഹകരിപ്പിച്ച്‌ സമഗ്ര പദ്ധതി തയ്യാറാക്കുന്നത്‌. ഗവേഷണ കേന്ദ്രത്തിന്റെ ആരംഭത്തിനും നടത്തിപ്പിനുമായി ഇന്ത്യയിലേയും വിദേശത്തേയും സ്ഥാപനങ്ങള്‍ മാതൃകയാക്കും.
കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ടാവും. കേന്ദ്രത്തിന്‌ കീഴില്‍ പ്രാദേശികതലത്തില്‍ സഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും. സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ ഏകോപിപ്പിക്കും.
ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ഡി.എം.ഒ ഡോ. സക്കീന, അസിസ്റ്റന്റ്‌ കലക്‌ടര്‍ അരുണ്‍ കെ. വിജയന്‍, ഡെപ്യൂട്ടി കലക്‌ടര്‍ അരുണ്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ.വി. സുഭാഷ്‌കുമാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: