Top Stories
ഭൂദാനം ക്ഷേത്രമോഷണം: പൂജാരിയായി വന്ന പ്രതി പിടിയില്‍
November 23, 2016

23-Nov-2016
പോത്തുകല്ല്‌: പൂജാരിയായി ക്ഷേത്രത്തില്‍ ജോലി ചെയ്‌ത്‌ മോഷണം നടത്തിയ പ്രതിയെ എടക്കര സി ഐ പി കെ സന്തോഷ്‌, പോത്തുകല്ല്‌ എസ്‌ ഐ കെ ദിജേഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കോഴിക്കോട്‌ നിന്ന്‌ അറസ്റ്റു ചെയ്‌തു. വയനാട്‌ മേപ്പാടിയിലെ അജിനിവാസില്‍ അജിത്‌(സൂര്യനാരായണന്‍-25) നെയാണ്‌ അറസ്റ്റുചെയ്‌തത്‌. അജിത്‌ എന്ന സൂര്യനാരായണന്‍ എന്ന പേരില്‍ ഒരുമാസം മുന്‍പ്‌ വന്ന്‌ ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്‌തുവരികയായിരുന്നു ഇയാള്‍ ഒരുമാസം മുന്‍പാണ്‌ ക്ഷേത്രത്തിലെ മൂന്ന്‌ ഭണ്ഡാരങ്ങള്‍ പൊളിച്ച്‌ പണം മോഷ്ടിച്ചത്‌.

ഏകദേശം 8000 രൂപയാണ്‌ അന്ന്‌ മോഷണം പോയതായി കണക്കാക്കിയിരുന്നത്‌. അജിത്‌ കുമാര്‍, സൂര്യനാരായണന്‍, സൂര്യശര്‍മ്മ എന്നീ പേരുകളില്‍ പൂജാരിയായി മുംബെ, ഗുാജറാത്ത്‌, ഡല്‍ഹി എന്നിവിടങ്ങളില്‍ ജോലി ചെയ്‌ത പ്രതി പെരുമ്പാവൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന്‌ മോഷണം നടത്തിയിട്ടുണ്ട്‌. തൃശൂര്‍ പീച്ചി ശിവക്ഷേത്രത്തിലെ തങ്ക അങ്കി, വെള്ളിയുടെ ആള്‍രൂപം എന്നിവ മോഷ്ടിച്ചതിന്‌ ഒന്നര വര്‍ഷം തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.

ആലുവ, മുംബെയിലുളള കാശ്‌മീരം അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും ജോലി ചെയ്‌തിട്ടുണ്ട്‌. ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണ സംഘം ആലുവ, മുംബെ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. സി ഐ ക്കും എസ്‌ ഐ ക്കും പുറമെ ഗ്രേഡ്‌ എസ്‌ ഐ പി മൂസ, എ.എസ്‌.ഐ. കെ.ജി.ജോസ്‌, സി.പി.ഒ. കെ.വിജേഷ്‌, സി.ടി.ഹര്‍ഷദ്‌, മണ്‍സൂറലി, ഹോംഗാര്‍ഡ്‌ ബിജു തോമസ്‌ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ബുധനാഴ്‌ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.

Share this post: