Top Stories
മഴക്കാല പൂര്‍വ്വ ശുചീകരണ പകര്‍ച്ചവ്യാധി നിയന്ത്രണ അവലോകന യോഗം നടത്തി
June 07, 2017

07-Jun-2017
വേങ്ങര: ഊരകം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം മഴക്കാല പൂര്‍വ്വ ശുചീകരണ പകര്‍ച്ചവ്യാധി നിയന്ത്രണ അവലോകന യോഗം വേങ്ങര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുഖ്യ പ്രഭാഷണം നടത്തി.
പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ ഓരോ വ്യക്തിയും സ്വീകരിക്കേണ്ട കാര്യങ്ങള്‍ ഡി. എം. ഒ വിശദമാക്കി. കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളായ ഫ്രിഡ്ജ് ട്രേ, കക്കൂസ് ക്ലോസറ്റുകള്‍, ജല സംഭരണികള്‍, ചെടി ചട്ടികള്‍, റബ്ബര്‍ ടാപ്പിംഗ് ചിരട്ടകള്‍, പാളകള്‍, ഡിസ്‌പോസിബിള്‍ സാധനങ്ങള്‍, ടയറുകള്‍ മുതലായവ സൂക്ഷ്മ നിരീക്ഷണം നടത്തണമെന്ന് പറഞ്ഞു. ഏതെങ്കിലും വകുപ്പുകളുടെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ മാത്രം ഉത്തരവാദിത്തമായി നിര്‍ണയിക്കാതെ ഓരോ പൗരന്റെയും കടമയായി മാലിന്യ നിര്‍ മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
ജലമലിനീകരണ സാധ്യത കൂടുതലുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കനുപയോഗിക്കണമെന്നും ഓര്‍മപ്പെടുത്തി. പ്രകൃതിക്കിണങ്ങിയ രീതിയില്‍ ഗ്രീന്‍ പ്രൊട്ടോകാള്‍ അനുസരിച്ച് റമദാന്‍ വ്രത ചടങ്ങുകള്‍ രൂപപ്പെടുത്തണമെന്നു പറഞ്ഞു. ജനപ്രതിനിധികള്‍, കുടുംബശ്രീ, യുവജന ക്ലബ്ബുകള്‍, സന്നദ്ധ പ്രവര്‍ ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, ആശമാര്‍ എന്നിവരടങ്ങുന്ന ആരോഗ്യ കര്‍മസേന രൂപീകരിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുസമദ് കെ ടി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സഫ്രീന അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജെ. എച്ച്. ഐ.മുഹമ്മദ് അബ്ദുല്‍ ലത്തീഫ് പകര്‍ച്ചവ്യാധികളെ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ഹഫീസ് റഹ്മാന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗദ അബുതാഹിര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബൂബക്കര്‍ മാസ്റ്റര്‍, ജെ. എച്ച്. ഐ. ശ്രി. ഹരീഷ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍, അസിസ്റ്റന്റ് സെക്രട്ടറി, അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.

Share this post: