Top Stories
മാവോയിസ്‌റ്റ്‌ വേട്ടക്ക്‌ കരുത്ത്‌ പകര്‍ന്നത്‌ തണ്ടര്‍ബോള്‍ട്ട്‌ എത്തിയശേഷം
November 25, 2016

mao-325-Nov-2016
നിലമ്പൂര്‍: അഞ്ച്‌ വര്‍ഷത്തിലേറെയായി നിലമ്പൂരില്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യമുണ്ടെങ്കിലും മാവോയിസ്‌റ്റ്‌ വേട്ടക്കായി പ്രത്യേക പരിശീലനം ലഭിച്ച തണ്ടര്‍ബോള്‍ട്ടും കമാന്റോകളും എത്തിയതോടെയാണ്‌ മാവോയിസ്‌റ്റുകളുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്ക്‌ കളമൊരുങ്ങിയത്‌. വ്യാഴാഴ്‌ച നടന്ന മാവോയിസ്‌റ്റ്‌ വേട്ടയില്‍ 60 അംഗ തണ്ടര്‍ബോള്‍ട്ട്‌ സംഘവുമുണ്ട്‌. കരുളായി വനമേഖലയിലെ കാഞ്ഞിരക്കടവിലും മുണ്ടക്കടവിലും മുന്‍പ്‌ പോലീസുമായി മാവോയിസ്‌റ്റുകള്‍ ഏറ്റുമുട്ടിയപ്പോഴും തണ്ടര്‍ബോള്‍ട്ടായിരുന്നു നേതൃത്വം. അട്ടപ്പാടിയിലെ വനമേഖലകളില്‍ നിന്നടക്കം ഇവര്‍ക്ക്‌ പരിശീലനം ലഭിച്ചിട്ടുണ്ട്‌. ആന്ധ്ര, തമിഴ്‌നാട്‌ സായുധ സംഘങ്ങളുമായി ചേര്‍ന്ന്‌ തണ്ടര്‍ബോള്‍ട്ട്‌ നാടുകാണി മേഖലയിലും നിരവധി തവണ തിരച്ചില്‍ നടത്തിയിരുന്നു. തണ്ടര്‍ബോള്‍ട്ടിന്‌ നേതൃത്വം നല്‍കിയിരുന്നത്‌ പോലീസിലെ തന്നെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ്‌. സമാനസാഹചര്യത്തില്‍ പരിശീലനം നേടിയ തണ്ടര്‍ബോള്‍ട്ട്‌ തിരച്ചിലിന്‌ ഇറങ്ങിയതോടെയാണ്‌ മാവോയിസ്‌റ്റുകള്‍ ഉള്‍വനങ്ങളിലേക്ക്‌ വലിഞ്ഞുതുടങ്ങിയത്‌. തണ്ടര്‍ബോള്‍ട്ടിന്‌ തിരച്ചിലിന്‌ സഹായിക്കുന്നതിനായി 25 ലക്ഷം രൂപ ചെലവഴിച്ച്‌ കൊണ്ടുവന്ന പൊളാരിസ്‌ എന്ന ഓഫ്‌ റോഡ്‌ വാഹനം പൂക്കോട്ടുംപാടം സ്റ്റേഷന്‍ പരിസരത്ത്‌ കട്ടപ്പുറത്തായിട്ട്‌ മാസങ്ങളായി. വ്യാഴാഴ്‌ച നടത്തിയ വെടിവെയ്‌പ്പില്‍ മൂന്ന്‌ മാവോയിസ്‌റ്റുകളെ കൊലചെയ്യാന്‍ കഴിഞ്ഞതിനാല്‍ നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്‌റ്റുകളുടെ അംഗബലത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാത്തതിനാല്‍ തണ്ടര്‍ബോള്‍ട്ടിനെ മുന്‍ നിര്‍ത്തി വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഊര്‍ജിതമാക്കാനാണ്‌ നീക്കമെന്നാണ്‌ സൂചന. വയനാട്‌ അതിര്‍ത്തിയുമായി നിലമ്പൂര്‍ വനമേഖല ചേരുന്നതിനാല്‍ വയനാട്‌ നിന്നുള്ള പോലീസ്‌ സഹായവും തിരച്ചിലിന്‌ ഉണ്ട്‌.

Share this post: