Top Stories
മാവോയിസ്‌റ്റ്‌ വേട്ട: വനംവകുപ്പ്‌ യോഗത്തില്‍ പ്രതിഷേധവുമായി കേരള ഫോറസ്‌റ്റ്‌ പ്രൊട്ടക്ടീവ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ രംഗത്ത്‌
December 01, 2016

01-Dec-2016

നിലമ്പൂര്‍: വനത്തിനുള്ളില്‍ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നിലമ്പൂരില്‍ ഡിഎഫ്‌ഒമാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സെക്ഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍മാരെയും ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസര്‍മാരെയും പങ്കെടുപ്പിക്കാത്തതില്‍ കേരള ഫോറസ്‌റ്റ്‌ പ്രൊട്ടക്ടീവ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ഡിഎഫ്‌ഒമാരെ നേരില്‍ കണ്ട്‌ പ്രതിഷേധം അറിയിച്ചു. യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ വനത്തിനുള്ളിലെ ഔട്ട്‌പോസ്‌റ്റുകളില്‍ അടക്കം ജോലി ചെയ്യുന്ന തങ്ങളെ പങ്കെടുപ്പിക്കാതെ നടത്തിയ യോഗം പ്രഹസനമാണെന്ന്‌ ഇവര്‍ പറഞ്ഞു. ഒരു കാരണവശാലും സുരക്ഷാസംവിധാനം ശക്തമാക്കാതെ രാത്രികാല പട്രോളിംഗിനും ഔട്ട്‌പോസ്‌റ്റ്‌ കാവലിനും തയ്യാറല്ലെന്നും ഇവര്‍ അറിയിച്ചു.

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന്‌ ഡിഎഫ്‌ഒമാര്‍ മുന്നറിയിപ്പ്‌ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ നടപടിയുണ്ടായാല്‍ നേരിടാന്‍ തയ്യാറാണെന്നും ഒരു സുരക്ഷയുമില്ലാതെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ക്കും കുടുംബങ്ങള്‍ ഉണ്ടെന്നകാര്യം വിസ്‌മരിക്കരുത്‌.

കടുത്ത പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്‌ എത്തിയത്‌ വനം വകുപ്പിനെ വെട്ടിലാക്കി. അടുത്ത ദിവസം തന്നെ സെക്ഷന്‍ ഫോറസ്‌റ്റര്‍മാരുടെയും ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്ന്‌ തുടര്‍ നടപടികള്‍ കൈക്കൊള്ളാനുള്ള കടുത്ത നിലപാടിലാണ്‌ അസോസിയേഷന്‍.

നിലമ്പൂരിലെ പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ കനത്ത സുരക്ഷ ഒരുക്കുമ്പോഴും മാവോയിസ്‌റ്റ്‌ ആക്രമണം നടന്ന വനമേഖലയോട്‌ ചേര്‍ന്നുള്ള പടുക്ക ഫോറസ്‌റ്റ്‌ സ്‌റ്റേഷില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ല.
വൈദ്യുതി പോയാല്‍ ഇന്‍വര്‍ട്ടര്‍ അടക്കമുള്ള ബദല്‍ സംവിധാനങ്ങള്‍ ഇവിടെയില്ല. വനത്തിലേക്ക്‌ പോകാന്‍ സെക്ഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍മാരോടും ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസര്‍മാരോടും നിര്‍ദ്ദേശിക്കുന്ന ഡിഎഫ്‌ഒമാര്‍ ഇവരുടെ സുരക്ഷിതത്വത്തിനായി ഉന്നതതലങ്ങളില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായി നിലനില്‍ക്കുമ്പോഴാണ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതിഷേധവുമായി രംഗത്ത്‌ വന്നത്‌ ഏറെ ശ്രദ്ധേയമാണ്‌.

Share this post: