Top Stories
മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്‌ അനുസ്‌മരണ സമ്മേളനം ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു
November 23, 2016

umman-chandi23-Nov-2016

മലപ്പുറം: സ്വാതന്ത്ര്യ സമര സേനാനിയും കെപിസിസി പ്രസിഡന്റുമായിരുന്ന മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിന്റെ എഴുപത്തിയൊന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ മലപ്പുറം അബ്ദുറഹിമാന്‍ സാഹിബ്‌ സ്‌മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു . രാജ്യത്തിന്റെ മതേതര പൈതൃകത്തിനും ജനാധിപത്യത്തിനുമെതിരെ വിവിധ കോണുകളില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകത്തെ എല്ലാ ആശയങ്ങളെയും വിശ്വാസങ്ങളെയും മലീമസപ്പെടുത്താതെ സ്വീകരിച്ച പൈതൃകമാണ്‌ ഭാരതത്തിനുള്ളതെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്ന ഇന്ത്യയെ പോലെ മറ്റൊരു രാജ്യം ലോകത്ത്‌ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജീവിക്കാന്‍ അവസരമുണ്ടായിരുന്നുവെങ്കില്‍ ലോകത്തിനുതന്നെ മാതൃകയായ ഒരു ഭരണാധികാരിയായി അബ്‌ദുറഹിമാന്‍ സാഹിബ്‌ മാറുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്നത്തെ പൊതു പ്രവര്‍ത്തകരെ അദ്ദേഹവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. തനിക്ക്‌ എന്ത്‌ കിട്ടുമെന്നല്ല, രാജ്യത്തിന്‌ വേണ്ടി എന്തെല്ലാം ത്യജിക്കാന്‍ തന്നെക്കൊണ്ട്‌ കഴിയുമെന്നാണ്‌ അദ്ദേഹം ചിന്തിച്ചത്‌. തലമുറകള്‍ക്ക്‌ മാതൃകയാക്കാവുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്വന്തം ജീവിതം കൊണ്ട്‌ പൊതു പ്രവര്‍ത്തന രംഗത്ത്‌ മാതൃകയും പ്രചോദനവുമായ നേതാവായിരുന്നു മുഹമ്മദ്‌ അബ്ദുറഹിമാന്‍. അറിയപ്പെടുന്നവരും അല്ലാത്തരുവരുമായ ആയിരക്കണക്കിന്‌ മഹാരഥന്‍മാര്‍ നേടിതന്ന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടത്‌ നമ്മുടെ എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആര്യാടന്‍ മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. 2016ലെ മുഹമ്മദ്‌ അബ്‌ദുറഹിബ്‌ പുരസ്‌കാരം മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ മംഗലം ഗോപിനാഥിന്‌ ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. അബ്‌ദുറഹിമാന്‍ സാഹിബിന്റെ ജീവ ചരിത്രം ഖിസ്സപ്പാട്ട്‌ രൂപത്തില്‍ രചിച്ച മലപ്പുറം യോഗ്യന്‍ ഹംസയെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

Share this post: