Top Stories
മോയിന്‍കുട്ടി വൈദ്യര്‍ പുരസ്കാര സമര്‍പ്പണവും സെമിനാറും നടന്നു
February 21, 2016

കൊണ്ടോട്ടി : വൈദ്യര്‍ മഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യന്‍ ദേശീയത ഭാവിയും ഭീതിയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കെ എന്‍ എ ഖാദര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ഡോ. എം എന്‍ കാരശ്ശേരി അധ്യക്ഷനായി. ഒ അബ്ദുള്ള, കെ പി രാമനുണ്ണി, കെ വേണു, കല്‍പ്പറ്റ നാരായണന്‍, കെ എം ഷാജി എംഎല്‍എ, രവി മേനോന്‍, കെ വേദവ്യാസന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കെ കെ മുഹമ്മദ് അബ്ദുള്‍ സത്താര്‍ സ്വാഗതവും ആനക്കച്ചേരി മൂസ ഹാജി നന്ദിയും പറഞ്ഞു. മോയിന്‍കുട്ടി വൈദ്യരുടെ കാവ്യജീവിതം ഇശലില്‍ കനല്‍ തോറ്റിയ കവി എന്ന ഡോക്യുമെന്ററി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. നിലമ്പൂര്‍ ഷാജി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, പ്രൊഫ. കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്കാരം 2016 ഗായിക കെ എസ് ചിത്രക്ക് സമ്മാനിച്ചു. കേരളീയ സംസ്കൃതിയുടെ മുഖ്യധാരയില്‍ മാപ്പിളപ്പാട്ടിന്റെ മുദ്രചാര്‍ത്തുന്നതിന്  നല്‍കിയ മഹത്തായ സംഭാവനയുടെ പേരിലാണ് പുരസ്കാരം. മന്ത്രി എ പി അനില്‍കുമാര്‍ പുരസ്കാരം സമര്‍പ്പിച്ചു. സി പി സൈതലവി അധ്യക്ഷനായി. കെ മുഹമ്മദ് ഈസ, ടി എ റസാഖ്, പൂവച്ചല്‍ ഖാദര്‍, എ കെ അബ്ദുറഹ്മാന്‍, കെ വി അബൂട്ടി, ഒ എം കരുവാരക്കുണ്ട്, കാനഷ് പൂനൂര്‍ എന്നിവര്‍ സംസാരിച്ചു. ആസാദ് വണ്ടൂര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നാഗൂര്‍ ഹനീഫയുടെ ഗാനങ്ങള്‍ തമിഴ് മാപ്പിളപ്പാട്ട് ഗായകന്‍ ഇറൈ അന്‍ബല്‍ ഖുദൂസ് ആലപിച്ചു. ഇശല്‍ സമൃതിയും അരങ്ങേറി. മഹോത്സവം ഞായറാഴ്ച സമാപിക്കും.

Share this post: