Top Stories
യാത്രക്കാരന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ കരിപ്പൂര്‍ കസ്റ്റംസ് ഹവില്‍ദാര്‍ അറസ്റ്റില്‍
June 17, 2017

17-Jun-2017
മലപ്പുറം: ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ കരിപ്പൂര്‍ കസ്റ്റംസ് ഹവില്‍ദാര്‍ അറസ്റ്റില്‍. ആലുവ പാനായിക്കുളം സ്വദേശി അബ്ദുല്‍ കരീമിനെയാണ്(51) കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂര്‍ കസ്റ്റംസ് ഹാളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യത്തില്‍ കരീം സ്വര്‍ണമാല അപഹരിക്കുന്നത് വ്യക്തമായതോടെയാണ് അറസ്റ്റ്. ഇയാളെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് കക്കട്ടില്‍ സ്വദേശി കുഞ്ഞിരാമന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മെയ് 19ന് കുഞ്ഞിരാമനും ഭാര്യയും ദുബായില്‍ നിന്ന് കരിപ്പൂരില്‍ മടങ്ങിവരുന്നതിനിടെയാണ് സംഭവം. കസ്റ്റംസ് ഹാളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രകാരം പരിശോധനക്കായി സ്വര്‍ണമാല യും പേഴ്‌സും കയ്യിലുണ്ടായിരുന്ന ബാഗും നല്‍കിയിരുന്നു. പരിശോധന പൂര്‍ത്തിയായതിന് ശേഷം എക്‌സ്‌റേ മെഷീന്റെ എതിര്‍വശത്ത് എത്തിയ ട്രേയില്‍ നിന്ന് പേഴ്‌സും ബാഗും തിരിച്ചെടുത്തു. സ്വര്‍ണമാല ഭാര്യ എടു ത്തിട്ടുണ്ടെന്ന നിഗമനത്തില്‍ വിമാനത്താവളത്തിന് പുറത്തേക്ക് കുഞ്ഞിരാമന്‍ പുറത്തേക്ക് കടക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ എയര്‍പോര്‍ട്ട് മാനേജറെ വിവരം അറിയിച്ചു. ഇവര്‍ കസ്റ്റംസ് വിഭാഗത്തിലെത്തി അന്വേഷിച്ചെങ്കിലും മാല കണ്ടെത്താനായില്ല. കസ്റ്റംസില്‍ കണ്ടുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുളള ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് രജിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും ഇതു സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പോലീസ് കസ്റ്റംസ് ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. പിന്നീട് സിസിടിവി പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മാല മോഷ്ടിക്കുന്നത് വ്യക്തമായത്. യാത്രക്കാരന്‍ ട്രേയില്‍ മറന്ന മാല കരീം എടുത്ത് മാറ്റിവെക്കുകയും പിന്നീട് മാല എടുത്ത് കീശയിലേക്കിട്ട് ട്രേ പഴയ സ്ഥലത്ത് തന്നെ വെക്കുന്നതാണ് ദൃശ്യത്തില്‍ വ്യക്തമായി കാണുന്നത്. തുടര്‍ന്നാണ് ഇയാളെ കരിപ്പൂര്‍ എസ്‌ഐ കെ ബി ഹരികൃഷ്ണന്‍, എഎസ്എമാരായ ദേവദാസ്, അലവിക്കുട്ടി, ബാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി മുരളീധരന്‍, ഷഹബിന്‍, മുഹമ്മദ് ഹുസൈന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതിയെ മഞ്ചേരി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Share this post: