Top Stories
യാത്രാ അപകട സമയങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിഭാവനം ചെയ്ത സംവിധാനം പൂര്‍ണമായി അവഗണിക്കുന്നു
June 27, 2017

27-Jun-2017
മലപ്പുറം: യാത്രാ അപകട സമയങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിഭാവനം ചെയ്ത സംവിധാനം പൂര്‍ണമായി അവഗണിക്കുകയാണ് ബസുടമകളും കെ.എസ്.ആര്‍.ടി.സിയും. മോട്ടോര്‍ വാഹന വകുപ്പും ഇതിനു നേരെ കണ്ണടക്കുന്നു. സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസിയുലുമെല്ലാം പിന്‍ വശത്തെ ചില്ലില്‍ പേരിനു മാത്രം എമര്‍ജന്‍സി എക്‌സിറ്റ് എന്നെഴുതി വെക്കുകയാണ് ചെയ്യുന്നത്. കോട്ടയ്ക്കലിനടുത്ത് പൂക്കിപ്പറമ്പില്‍ സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മറിഞ്ഞ് തീപിടിച്ച് 44 പേര്‍ വെന്തു മരിച്ച സംഭവത്തിനു ശേഷമാണ് യാത്രാ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് എമര്‍ജന്‍സി എക്‌സിറ്റ് എന്ന സംവിധാനം നിര്‍ബന്ധമാക്കിയത്. ഈ നിയമം പക്ഷെ ഇപ്പോള്‍ വ്യാപകമായി ലംഘിക്കപ്പെടുകയാണ്. പൂക്കിപ്പറമ്പ് അപകടത്തില്‍ ഇടതു വശത്തേക്ക് ബസ് മറിഞ്ഞ് തീപിടിച്ചതിനാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ വേറെ വാതിലുകളുണ്ടായിരുന്നില്ല. ഇതു സംബന്ധിച്ചു നടന്ന അന്വേഷണത്തിനു ശേഷമാണ് വലതു വശത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം തുറക്കാവുന്ന വാതില്‍ വേണം എന്ന നിര്‍ദ്ദേശമുയര്‍ന്നത്. ആദ്യം വലതു വശത്ത് പ്രാവര്‍ത്തികമാക്കിയ എമര്‍ജന്‍സി വാതില്‍ പിന്നീട് ബസിന്റെ പിന്‍വശത്തേക്കാക്കി. പിന്‍ ഭാഗത്തെ ചില്ലുകള്‍ വരുന്ന ഭാഗം വാതിലാക്കിമാറ്റി വേണം ബസുകള്‍ നിരത്തിലിറക്കാന്‍ എന്നാണ് നിയമം. എന്നാലിത് പാടെ അവഗണിക്കപ്പെടുകയാണ്. ബസുകളുടെ ക്ഷമതാ പരിശോധന വേളയില്‍ പോലും മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം പരിശോധിക്കുന്നില്ല. ട്രാഫിക് പോലീസും ഇതിനു നേരെ കണ്ണടക്കുന്നു. നിരത്തുകളില്‍ ബസപകടങ്ങള്‍ തുടര്‍കഥകളാകുമ്പോഴും ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന അധികൃത നയം അപകടങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിക്കുകയും യാത്രക്കാരുടെ ജീവന്‍ വെച്ച് പന്താടലുമാകുകയാണ്.

Share this post: