Top Stories
രക്ഷാകര്‍തൃ യോഗത്തില്‍ വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം: മുന്‍കൂര്‍ ജാമ്യം തള്ളി
May 26, 2017

26-May-2017
മഞ്ചേരി: രക്ഷാകര്‍തൃ യോഗത്തില്‍ അഭിപ്രായം പറഞ്ഞ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തിരൂര്‍ മുത്തൂര്‍ കൈനിക്കര അബ്ദുല്‍ ജലീല്‍ (58), തിരൂര്‍ കൈനിക്കര മുഹമ്മദ് ഷാഫി (59) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2017 മാര്‍ച്ച് 16ന് പകല്‍ 11 മണിക്ക് തിരൂര്‍ എം ഇ എസ് കോളേജിലാണ് സംഭവം. കോളേജില്‍ പാരന്റ് മീറ്റിംഗില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംസാരിക്കുകയായിരുന്നു കോളേജ് ചെയര്‍പേഴ്‌സണ്‍ കൂടിയായ പരാതിക്കാരി. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത് ഇഷ്ടപ്പെടാത്ത മാനേജ്‌മെന്റ് പ്രതിനിധികളായ പ്രതികള്‍ പരാതിക്കാരിയെ തടയുകയും പിടിച്ചു തള്ളുകയുമായിരുന്നു. വാതിലില്‍ തട്ടി വീണ വിദ്യാര്‍ത്ഥിനിയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു. മാര്‍ച്ച് 18ന് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share this post: