Top Stories
രാഷ്‌ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കണം: കെ പി ഇ ഒ
November 23, 2016

23-Nov-2016
മലപ്പുറം: 2016 ഫെബ്രുവരിയില്‍ അപേക്ഷ ക്ഷണിച്ച്‌ വകുപ്പിലെ പൊതുസ്ഥലം മാറ്റം നാളിതുവരെ നടത്താതെ ഭരണ സൗകര്യം എന്ന ഓമനപ്പേരില്‍ നടത്തുന്ന രാഷ്‌ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ കെ പി ഇ ഒ ജില്ലാ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജില്ലയിലെ 23 പഞ്ചായത്തുകളില്‍ സെക്രട്ടറിമാരില്ല. ആയിരത്തിലധികം തസ്‌തികകള്‍ വകുപ്പില്‍ സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്നു. ഈ തസ്‌തികകള്‍ നികത്താതെ ഉള്ള ജീവനക്കാരെ സര്‍ക്കാര്‍ സ്ഥലംമാറ്റി പീഡിപ്പിക്കുകയാണ്‌. ജില്ലയില്‍ ഒഴിവുണ്ടായിട്ടും കെ പി ഇ ഒ ജില്ലാ സമിതി അംഗവും വെട്ടത്തൂര്‍ പഞ്ചായത്ത്‌ ഹെഡ്‌ ക്ലാര്‍ക്കുമായ സലീമിനെ കോഴിക്കോട്‌ ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിലേക്ക്‌ സ്ഥലം മാറ്റിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്ത്‌ വകുപ്പില്‍ നടപ്പിലാക്കുന്നത്‌ സ്ഥലം മാറ്റവും യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്‌ഘാടനവും മാത്രമാണ്‌. ക്ഷേമ പെന്‍ഷന്‍ ഡി ബി ടി സമ്പ്രദായത്തിലേക്ക്‌ മാറ്റിയ സമയത്ത്‌ തന്നെ ഓരോ പെന്‍ഷന്‍കാരില്‍ നിന്നും ആധാര്‍ നമ്പറും ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ്‌ ചെയ്‌തിട്ടുള്ളാതണ്‌. കുടുംബശ്രീ മുഖേന പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ഓണത്തിന്‌ മുമ്പ്‌ ഓരോ പെന്‍ഷണറേയും നേരില്‍ കണ്ട്‌ ശേഖരിച്ചിട്ടുള്ളതാണ്‌. അതിന്‌ ശേഷമാണ്‌ സഹകരണ ബാങ്ക്‌ മുഖേന പെന്‍ഷന്‍ വിതരണം ചെയ്‌തിട്ടുള്ളത്‌. ഈ വിവരങ്ങള്‍ തന്നെ വീണ്ടും പെന്‍ഷന്‍കാരില്‍ നിന്ന്‌ ശേഖരിക്കുന്നത്‌ ജോലിഭാരം കൊണ്ട്‌ വീര്‍പ്പ്‌ മുട്ടുന്ന പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കുന്നതാണ്‌. ഇത്‌ ക്ഷേമ പെന്‍ഷനുകളുടെ വിതരണം വൈകിപ്പിക്കുന്നതിന്‌ ഇടയാക്കുമെന്നും കെ പി ഇ ഒ ജില്ലാ സമിതി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട്‌ സി സുഭാഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. സി പി രാജീവന്‍, എ മുഹമ്മദ്‌ ബഷീര്‍, ടോമി ജോണ്‍, എം മജീദ്‌, അബ്‌ദുല്‍ മാലിഖ്‌, നൗഷാദ്‌ ചാലിയാര്‍, നാസര്‍ പൊന്നാനി, സുരേന്ദ്രന്‍ മാറഞ്ചേരി എന്നിവര്‍ സംസാരിച്ചു.

Share this post: