Top Stories
റബ്ബര്‍, കുരുമുളക് അടക്കമുള്ള കാര്‍ഷിക വിളകളുടെ വില ഒരുമിച്ച് ഇടിയുന്നത് കാര്‍ഷിക മേഖലയുടെയും മലയോര മേഖലയുടെ സമ്പദ്ഘടനയുടെയും നടുവൊടിച്ചു
May 30, 2017

30-May-2017
നിലമ്പൂര്‍: റബ്ബര്‍, കുരുമുളക് അടക്കമുള്ള കാര്‍ഷിക വിളകളുടെ വില ഒരുമിച്ച് ഇടിയുന്നത് കാര്‍ഷിക മേഖലയുടെയും മലയോര മേഖലയുടെ സമ്പദ്ഘടനയുടെയും നടുവൊടിച്ചു. 250 രൂപ വരെയുണ്ടായിരുന്ന റബ്ബറിന് നിലവില്‍ 128 രൂപയാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ റബ്ബറിന് 150 രൂപ പ്രകാരം കര്‍ഷകരില്‍ നിന്നും വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലസ്ഥിരതാഫണ്ടിന്റെ കഴിഞ്ഞ ബഡ്ജറ്റിലെ തുക പോലും വിതരണം ചെയ്യാന്‍ ഇടതുസര്‍ക്കാരിന് കഴിയാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. 76,000 രൂപ വരെ ഒരു ക്വിന്റല്‍ കുരുമുളകിന് ലഭിച്ചിരുന്ന സ്ഥാനത്ത് നിലവില്‍ 49,400 രൂപയാണ്.
260 രൂപ വരെ വില ലഭിച്ചിരുന്ന അടക്കക്ക് 180 രൂപയാണ് വില. 250 രൂപയുണ്ടായിരുന്ന ജാതിക്കയുടെ വിലയും 150തിലേക്ക് കൂപ്പുകുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊക്കോ, കാപ്പി എന്നിവയുടെ വിലയിലും നേരീയ ഇടിവുണ്ടായി. നാളികേരത്തെ വിലയിടിവ് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലം നാളികേര ഉദ്പ്പാദനം മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്. നിലമ്പൂര്‍ മേഖലയിലെ പ്രധാന കാര്‍ഷിക വിളകളാണ് റബ്ബറും കുരുമുളകും അടക്കയും ജാതിയും കൊക്കോയുമെല്ലാം.
മുന്‍പെല്ലാം ഒരു കാര്‍ഷിക ഉല്‍പ്പനത്തിന് വിലയിടിയുമ്പോള്‍ മറ്റൊരു ഉല്‍പ്പന്നത്തിന് വില ഉയരുന്ന പ്രവണതയാണ് കണ്ടിരുന്നത്. മൂന്ന് മാസം മുന്‍പ് റബ്ബര്‍ വില 155 വരെയായി ഉയര്‍ന്നപ്പോള്‍ 200 ആകുമെന്ന് പ്രതീക്ഷിച്ച് റബ്ബര്‍ വന്‍തോതില്‍ സ്‌റ്റോക് ചെയ്ത വന്‍കിട റബ്ബര്‍ തോട്ടമുടമകളും വെട്ടിലായിരിക്കുകയാണ്. പലരും ഇപ്പോള്‍ സ്‌റ്റോക് ചെയ്ത റബ്ബറുകള്‍ കടകളിലേക്ക് എത്തിച്ച് തുടങ്ങിയിട്ടുണ്ട്.
ജൂണില്‍ ബില്ല് തീര്‍ത്താല്‍ മതിയെന്ന വ്യവസ്ഥയിലാണ് റബ്ബര്‍ നല്‍കുന്നത്. അന്താരാഷ്ട്ര വിപണിയിലും അഭ്യന്തര വിപണിയിലും റബ്ബറിന് തിരിച്ചടി നേരിട്ടതോടെയാണ് വന്‍കിടക്കാര്‍ റബ്ബര്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായത്. വിലയിടിവ് മൂലം മുന്‍ വര്‍ഷങ്ങളില്‍ റബ്ബറിന് റെയിന്‍ഗാര്‍ഡ് ഇടാന്‍ മടിച്ചിരുന്നവര്‍ പലരും തൊഴിലാളികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മഴയുടെ തുടക്കത്തില്‍ തന്നെ റെയിന്‍ ഗാര്‍ഡ് ഇട്ടുതുടങ്ങി.
കാര്‍ഷിക വിളകളുടെ വിലയിടിവ് തുടരുമ്പോഴും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും സ്‌കൂള്‍ തുറക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ചെലവും എങ്ങനെ മറികടക്കുമെന്നറിയാതെ കര്‍ഷക സമൂഹം പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ഷകരെ ആശ്രയിച്ച് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പലചരക്ക്കട ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും ഏറെ പ്രതിസന്ധിയിലാണ്. കര്‍ഷകന് ആശ്വാസമായി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന കര്‍ഷകപെന്‍ഷന്‍ പോലും നല്‍കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കാര്‍ഷിക വിളകള്‍ക്ക് ഇത്രയേറെ വിലയിടിഞ്ഞിട്ടും കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ കാര്യക്ഷമമായ ഒരു ഇടപെടലും നടത്താത്തത് കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Share this post: