Top Stories
റമസാൻ കാമ്പയിന് സ്വലാത്ത് നഗറിൽ നടന്ന മർഹബൻ റമസാൻ പരിപാടിയോടെ തുടക്കമായി
May 26, 2017

മലപ്പുറം: ആത്മീയ, വൈജ്ഞാനിക സംഗമങ്ങളുമായി മഅ്ദിൻ അക്കാദമി സംഘടിപ്പിക്കുന്ന റമസാൻ കാമ്പയിന് ഇന്നലെ സ്വലാത്ത് നഗറിൽ നടന്ന മർഹബൻ റമസാൻ പരിപാടിയോടെ തുടക്കമായി. ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ആത്മീയവേദികൾ, വൈജ്ഞാനിക സദസ്സുകൾ, റിലീഫ്, പഠന ക്യാമ്പുകൾ, ഇഫ്താർ സംഗമങ്ങൾ, ഓൺലൈൻ സെഷനുകൾ, അനുസ്മരണ വേദികൾ എന്നിവ നടക്കും. ഇന്നലെ വൈകിട്ട് ആറിന് മഅ്ദിൻ കാമ്പസിൽ നടന്ന മർഹബൻ റമസാൻ സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. നോമ്പ് ഒന്ന് മുതൽ ആരംഭിക്കുന്ന ഇഫ്‌ത്താർ‌ സംഗമത്തിന് വിപുലമായ സൗകര്യങ്ങളാണ് സ്വലാത്ത് നഗറിൽ ഒരുക്കിയിരിക്കുന്നത്. മലപ്പുറത്തെയും പരിസരങ്ങളിലെയും വീടുകളിൽ നിന്നെത്തിക്കുന്ന വിഭവങ്ങൾ കൊണ്ട് ആയിരത്തിലധികം പേ‌ർക്ക് ദിവസവും നോമ്പ് തുറയൊരുക്കും. വൈകിട്ട് 5.30 മുതൽ ഇഫ്താർ വരെ പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തിൽ ഗ്രാന്റ് മസ്ജിദിൽ വിജ്ഞാനവേദിയും ദുആ മജ്ലിസുമുണ്ടാവും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ റിലീഫ് ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനം കീഴാറ്റൂരിൽ നടന്നു. വനിതകൾക്ക് പ്രത്യേക ആത്മീയ, വൈജ്ഞാനിക സദസ്സുകൾ സംഘടിപ്പിക്കും. മഅദിൻ കാമ്പസിൽ നടക്കുന്ന വനിതാ വിജ്ഞാന വേദിക്ക് 30ന് തുടക്കമാവും. ജൂൺ 12 വരെ നീണ്ടുനിൽക്കുന്ന വിജ്ഞാനവേദിയിൽ വിവിധ വിഷയങ്ങളിൽ പ്രമുഖ പണ്ഡിതർ നയിക്കുന്ന ക്സാസുകൾക്ക് പുറമെ സംശയ നിവാരണത്തിനും അവസരമുണ്ടാവും. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ഒമ്പത് തൊട്ട് പ്രത്യേക ആത്മീയ മജ്ലിസ് ഒരുക്കും. മത്സ്യതൊഴിലാളികൾ സംഗമിക്കുന്ന തസ്ക്കിയത്ത് ക്യാമ്പും ആത്മീയ മജ്ലിസും റമസാൻ ഏഴിന് നടക്കും. ഹജ്ജ്, ഉംറ ഉദ്ദേശിച്ചവർക്കായി പ്രത്യേക ഗൈഡൻസും പ്രായോഗിക പരിശീലനവും സംഘടിപ്പിക്കും. റമസാൻ എട്ടിന് ളുഹർ നമസ്കാരാനന്തരം ആരംഭിച്ച് നോമ്പ് തുറയോടെ സമാപിക്കുന്ന പരിശീലന പരിപാടിയ്ക്ക് സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി നേതൃത്വം നൽകും. സംശയ നിവാരണത്തിന് പ്രത്യേക സൗകര്യവുമൊരുക്കും. റമാളാൻ 9ന് നടക്കുന്ന സക്കാത്ത് സെമിനാറിൽ പ്രമുഖർ വിഷയമവതരിപ്പിക്കും. നോമ്പ് പതിനാറിന് ബദർ നേർച്ചയും മൗലീദ് പാരായണവും നടക്കും. റമസാൻ 20ന് മഹല്ലുകളിലൂടെ പൈതൃക യാത്ര നടക്കും. ഞായറാഴ്ചകളിൽ രാവിലെ ഏഴ് മണി മുതൽ സ്കൂൾ ഓഫ് ഖുർആൻ സംഘടിപ്പിക്കും. റമസാൻ 23ന് അന്ധ-ബധിരരായവർക്കുളള പെരുന്നാൾക്കിറ്റ് വിതരണവും ഓറിയന്റേഷൻ ക്യാമ്പും നടക്കും. ഇരുപത്തിയേഴാം രാവിലെ പ്രാർത്ഥനാ സമ്മേളനത്തിനുളള ഒരുക്കങ്ങളും സ്വലാത്ത് നഗറിൽ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, പരി മുഹമ്മദ്, ദുൽഫുഖാറലി സഖാഫി, സൈനുദ്ദീൻ നിസാമി എന്നിവർ പങ്കെടുത്തു.

Share this post: