Top Stories
റവന്യൂ വകുപ്പിലെ വിജിലന്‍സ് രാജ് അവസാനിപ്പിക്കുക : കേരള എന്‍ജിഒ അസോസിയേഷന്‍
July 07, 2017

06-Jul-2017
മലപ്പുറം: റവന്യൂ വകുപ്പിലെ വിജിലന്‍സ് രാജ് അവസാനിപ്പിക്കുക, ഓഫീസുകളില്‍ ഭൗതിക സാഹചര്യവും ജീവനക്കാരുടെ സംരക്ഷണവും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന കൂട്ട അവധി സമരം ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമാക്കി. ഏഴ് താലൂക്കുകളിലെ 138 വില്ലേജുകളില്‍ നാമ മാത്രമായവയെ പ്രവര്‍ത്തിച്ചുള്ളൂ. പെരിന്തല്‍മണ്ണ, തിരൂര്‍ ആര്‍ഡിഒ ഓഫീസുകളിലും, കോട്ടക്കല്‍ ദേശീയപാത, കരിപ്പൂര്‍ വിമാനതാവള ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകളിലും, മലപ്പുറം എല്‍എ ജനറല്‍ ഓഫീസിലും 90% ജീവനക്കാരും അവധിയിലായിരുന്നു. നിലമ്പൂരില്‍ 21ല്‍16 വില്ലേജുകളും അടഞ്ഞു കിടന്നു.
കൊണ്ടോട്ടിയില്‍ 12 വില്ലേജുകളില്‍ വാഴയൂരും, കൊണ്ടോട്ടിയും മാത്രമേ തുറന്നുള്ളൂ. പെരിന്തല്‍മണ്ണയില്‍ 24ല്‍ 23 ഓഫീസുകളും, തിരൂരങ്ങാടിയില്‍ 17ല്‍ 13 ഓഫീസുകളും, പൊന്നാനിയില്‍ 11 ല്‍ 10 ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. തിരൂരിലും, മഞ്ചേരിയിലും പാര്‍ട്ട് ടൈം സ്വീപ്പര്‍മാരാണ് ഓഫീസുകള്‍ തുറന്നത്. പെരിന്തല്‍മണ്ണ ആര്‍ഡി ഒ ഓഫീസില്‍ 25 ല്‍ 6 പേരും, താലൂക്ക് ഓഫീസില്‍ 52 ല്‍ 22 പേരും മാത്രമാണ് ജോലിക്കെത്തിയത്. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ 54 ല്‍ 32 പേര്‍ അവധിയിലായിരുന്നു. പൊന്നാനിയില്‍ 53 ല്‍ 3 പേര്‍ ഹാജരായി. മലപ്പുറം കലക്ടറേറ്റില്‍ 183 ജീവനക്കാരില്‍ 91 പേര്‍ അവധിയിലായിരുന്നു. കൊണ്ടോട്ടിയില്‍ 58 ല്‍ 52 പേരും, മഞ്ചേരിയില്‍ 63 ല്‍ 28 പേരും അവധിയെടുത്തു.
കൂട്ട അവധി സമരം വിജയിപ്പിച്ച ജീവനക്കാരെ കേരള എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് വി പി ദിനേശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി ജാഫര്‍, ട്രഷറര്‍ സി വിഷ്ണുദാസ്, എം പി സോമശേഖരന്‍, ടി ഹബീബുറഹ്മാന്‍, എന്‍. മോഹന്‍ദാസ്, കെ എം ഗോവിന്ദന്‍ നമ്പൂതിരി, വി കെ കൃഷ്ണപ്രസാദ്, സലീഖ്.പി മോങ്ങം എന്നിവര്‍ സംസാരിച്ചു.

Share this post: