Top Stories
റിക്കോര്‍ഡുകളെ പഴങ്കഥയാക്കി അനുവിന്റെ കുതിപ്പ്‌; സ്വന്തം റിക്കോര്‍ഡ്‌ ചരിത്രമാവുന്നതിന്‌ സാക്ഷിയായി ചിത്ര
December 05, 2016

04-Dec-2016

തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന അറുപതാമത്‌ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സീനിയര്‍ ഗേള്‍സ്‌ അയ്യായിരം മീറ്റര്‍ ഓട്ടമത്സരത്തില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്‌ എസ്‌ എസിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി ഒന്നാമതായി ഫിനിഷ്‌ ചെയ്‌തപ്പോള്‍ പഴങ്കഥയായത്‌ മൂന്ന്‌ വര്‍ഷം മുമ്പുള്ള റിക്കോര്‍ഡായിരുന്നു. സ്വന്തം പേരിലുള്ള 17.24 മിനുറ്റിന്റെ സംസ്ഥാന റിക്കോര്‍ഡ്‌ 17.14.27 മിനുറ്റ്‌ കൊണ്ട്‌ ഇത്തവണ ദൂരം താണ്ടിയ അനുമോള്‍ തമ്പി തകര്‍ക്കുന്നതിന്‌ സാക്ഷ്യം വഹിക്കാന്‍ പി യു ചിത്ര യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുണ്ടായിരുന്നു. സംസ്ഥാന റിക്കോര്‍ഡ്‌ ചരിത്രമായെങ്കിലും എന്നാല്‍ തന്റെ തന്നെ പേരിലുള്ള 2013 ലെ 17.05 മിനുറ്റിന്റെ ദേശീയ റിക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനം അനുമോള്‍ പുറത്തെടുത്തില്ലെന്ന്‌ കാര്യം വ്യക്തമാക്കി ആശ്വസിച്ച്‌ ചിത്ര കായികോത്സവത്തിലെ `സ്‌പിരിറ്റ്‌’ വ്യക്തമാക്കി.

ഇത്തവണ മൂവായിരം മീറ്ററില്‍ നേട്ടം വെള്ളിമെഡലിലൊതുങ്ങിയെങ്കിലും ദേശീയ റിക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു അനുമോള്‍ തമ്പി കാഴ്‌ച വെച്ചിരുന്നത്‌. മൂവായിരത്തില്‍ സിദ്ധിക്കാതെ പോയ സുവര്‍ണനേട്ടം അയ്യായിരത്തില്‍ കൈവരിച്ച്‌ അനുമോള്‍ നഷ്‌ടം നികത്തുകയായിരുന്നു. വെള്ളായംകുടി സെന്റ്‌ജോര്‍ജ്ജ്‌ എച്ച്‌ എസ്‌ എസിലെ സാന്ദ്ര എസ്‌ നായര്‍ രണ്ടാമതെത്തിയപ്പോള്‍ കോതമംഗലം സെന്റ്‌ജോര്‍ജ്ജിന്റെ അഞ്‌ജു മുരുകനാണ്‌ ഈയിനത്തില്‍ വെങ്കലം നേടിയത്‌.

റിക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്ന ചരിത്രമാവര്‍ത്തിച്ച്‌ കുതിയ്‌ക്കുകയാണ്‌ അനുമോള്‍. കോഴിക്കോട്ട്‌ കഴിഞ്ഞതവണ നടന്ന നാഷണല്‍ സ്‌കൂള്‍ അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പിലെ മൂവായിരം മീറ്റര്‍ ജൂനിയര്‍ ഗേള്‍സ്‌ ഓട്ടത്തില്‍ മീറ്റ്‌ റിക്കോര്‍ഡോടെയാണ്‌ അനുമോള്‍ സ്വര്‍ണ്ണമണിഞ്ഞിരുന്നത്‌. ഇതേ വേദിയില്‍ കഴിഞ്ഞതവണ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യദിനം തന്നെ ദേശീയ മീറ്റിലെ സമയത്തേക്കാള്‍ മികവില്‍ മീറ്റ്‌ റിക്കോര്‍ഡ്‌ കരസ്ഥമാക്കിയിരുന്ന അനുമോള്‍ ദേശീയ കായിക മേളയിലും ആദ്യദിനത്തില്‍ തന്നെ ആ പതിവ്‌ ആവര്‍ത്തിക്കുകയാണ്‌ ചെയ്‌തത്‌. സംസ്ഥാന മീറ്റില്‍ താന്‍ തന്നെ ഭേദിച്ച റിക്കോര്‍ഡിനുടമയായ കേരളതാരം കെ ആര്‍ ആതിരയെ സംസ്ഥാന മീറ്റിന്‌ പിന്നാലെ ദേശീയ മീറ്റിലും രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിക്കൊണ്ടായിരുന്നു ആ നേട്ടം.

ഇടുക്കി കമ്പിളിക്കണ്ടം കളത്തില്‍വീട്ടില്‍ തമ്പി-ഷൈനി ദമ്പതികളുടെ മകള്‍ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇരട്ടസ്വര്‍ണ്ണവും വെള്ളിയും നേടി ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ ലിസ്‌ബത്ത്‌ കരോളിന്‍ ജോസഫിനൊപ്പം വ്യക്തിഗത ചാംപ്യയെന്ന ബഹുമതി പങ്കിട്ടിരുന്നു. 2014 ലെ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളിമെഡലും, ദോഹയില്‍ നടന്ന യൂത്ത്‌ ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി മികവ്‌ തെളിയിച്ചിട്ടുണ്ട്‌ ഈ കൗമാരതാരം.

Share this post: