30-Nov-2016
പെരിന്തല്‍മണ്ണ: വിദേശമദ്യവുമായി പോലീസ് അറസ്റ്റു ചെയ്ത യുവാവിനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളത്തൂര്‍ തെക്കേപ്പാട്ട് കൃഷ്ണകുമാറിനെ(45)യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് യുവാവിനെ കൊളത്തൂര്‍ എസ്.ഐ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ ടൗണില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ബൈക്കില്‍ വരുമ്പോഴായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് സ്റ്റേഷനില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് ബന്ധുക്കളുടെ ആക്ഷേപം. അവശനായ പ്രതിയെ പോലീസ് തന്നെയാണ് തിങ്കളാഴ്ച രാവിലെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എഴുന്നേറ്റ് നടക്കാനോ ഭക്ഷണവും വള്ളവും കഴിക്കാനോ സാധിക്കാത്ത രീതിയില്‍ അവശനായിരുന്നു പ്രതി. പിന്നീട്
വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തില്‍ വൈകിട്ടോടെ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. ഇതു സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതേ സമയം പ്രതിയെ മര്‍ദ്ദിച്ചതായ ആരോപണം ശരിയല്ലെന്ന് കൊളത്തൂര്‍ എസ്.ഐ പി.വിഷ്ണു പറഞ്ഞു.