Top Stories
വില്വത്ത് ക്ഷേത്രശ്രീകോവിലിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി
May 30, 2017

30-May-2017

നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രശ്രീകോവിലിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രതി തിരുവനന്തപുരം കിളിമാനൂര്‍ പുല്ലയില്‍ സ്വദേശി തെങ്ങുവിളവീട്ടില്‍ മോഹന്‍കുമാറിനെ (45) വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവെടുത്തത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വില്വത്ത് ക്ഷേത്രത്തിലേക്ക് ഇയാളെ കൊണ്ടുവന്നത്. വന്‍ പോലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ക്ഷേത്രത്തിന്റെ പ്രധാന കവാടം കഴിഞ്ഞുള്ള ഗേറ്റിലൂടെയാണ് പ്രതിയെ കൊണ്ടുവന്നത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് റബര്‍തോട്ടത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ മുന്‍വശത്തായി ഇയാള്‍ സൂക്ഷിച്ചിരുന്ന ബാഗ് കണ്ടെടുത്തു. ബാഗ് ബിഗ്‌ഷോപ്പറിലാക്കി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ബാഗില്‍ നിന്ന് രണ്ട് ചുറ്റികകള്‍, തേപ്പുപലക, ചട്ടുകം എന്നിവ കണ്ടെടുത്തു. ആക്രമണം നടത്തിയശേഷം ഇവ ഇവിടെ കൊണ്ടിട്ടതാണെന്ന് പ്രതി പറഞ്ഞു. ഒരു ചുറ്റികയുടെ പിടിപൊട്ടിയ നിലയിലായിരുന്നു. ഭഗവതിയുടെ വിഗ്രഹത്തില്‍ നിന്ന് കവര്‍ന്ന വെള്ളിമാല ഇവിടെ നിന്ന് ചുഴറ്റി എറിഞ്ഞതായും പറഞ്ഞു. മാലയിലുണ്ടായ സ്വര്‍ണ്ണ ലോക്കറ്റ് ഇയാള്‍ എടുത്തു. ലോക്കറ്റ് ഇയാളുടെ താമസസ്ഥലത്തുള്ള ചെറിയ കുടത്തില്‍ നിന്നും കണ്ടെത്തി. വെള്ളിമാലക്ക് വേണ്ടി പോലിസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ലഭ്യമായിട്ടില്ല. മമ്പാട് പൊങ്ങല്ലൂരിലെ വീട്ടിലും ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
പെരിന്തല്‍മണ്ണ ഡിവൈഎസ് പിമോഹനചന്ദ്രന്‍ സി ഐ മാരായ കെ എം ദേവസ്യ, എ ജെ ജോണ്‍സണ്‍, സന്തോഷ്, എസ് ഐ മാരായ അമൃത്‌രംഗന്‍, മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍, ജ്യോതീന്ദ്രകുമാര്‍, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമെന്ന് ഭയന്ന് 180ഓളം പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണ ചുമതലയുള്ള നിലമ്പൂര്‍ സിഐ കെ എം ദേവസ്യ പറഞ്ഞു.
ഇതിനുപിന്നില്‍ എന്തെങ്കിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this post: