08-Dec-2016
മഞ്ചേരി: ജില്ലയില്‍ തെരുവുനായയുടെ ആക്രമണം വീണ്ടും രൂക്ഷമാവുന്നു. നാല് വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍ക്ക് ഇന്നലെ കടിയേറ്റു.
മലപ്പുറം നഗരത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റത്. എംഎസ് പി ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികളായ പഴമള്ളൂര്‍ പാലക്കോടന്‍ ഹുസ്ന(11), മേല്‍മുറി പേരത്തൊടി ഫര്‍സാന (17), ആകാശ്, എന്നിവര്‍ക്കും ഗവ. കോളേജ് ഡിഗ്രി വിദ്യാര്‍ഥിനി കാളമ്പാടി വി രഞ്ജിത(21)യ്ക്കുമാണ് കടിയേറ്റത്. തൃശൂര്‍ ചേലക്കര സ്വദേശി ബാല സുബ്രഹ്മണ്യന് (43), തുവ്വൂര്‍ സ്വദേശി ഗിരീഷ് (31) എന്നിവര്‍ക്കും നായയുടെ കടിയേറ്റു. പുത്തൂര്‍ പുതിയില്‍ മുഹമ്മദ് (55), ചെറുകുന്ന് മുനവ്വറലി (17), ചെറുകുന്ന് ഷഹര്ബാന് (35) എന്നിവര്‍ക്ക് കുറുക്കന്റെ കടിയാണ് ഏറ്റത്. തെരുവ് നായയുടെയും കുറുക്കന്റെയും കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഒമ്പതുപേരെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. രഞ്ജിത കോളേജിലേക്ക് പോകുന്നതിനായി കാവുങ്ങല്‍ ബൈപ്പാസിന് സമീപം ബസ് കാത്തിരിക്കുമ്പോഴാണ് റോഡരികിലൂടെ പതുങ്ങി വന്ന തെരുവ്നായ ആക്രമിച്ചത്. വലതുകാലിനാണ് കടിയേറ്റത്. കടിയേറ്റ് നിലത്ത് വീണ രഞ്ജിതയുടെ നിലവിളികേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോഴേ ക്കും തെരുവ് നായ രക്ഷപ്പെട്ടു. കൂട്ടുക്കാരികളോടെപ്പം പെട്രോള്‍ പമ്പിന് സമീപം ബസിറങ്ങി സ്കൂളിലേക്ക് പോകുന്നതിനിടെ പിന്നാലെ ഓടിവന്നാണ് ഫര്‍ഹാനയെ നായ ആക്രമിച്ചത്. കടിയേറ്റ് വലത്തേകാലിന് പരിക്കുണ്ട്.സ്കൂളിനോടു ചേര്‍ന്നുള്ള ജല അതോറിറ്റി ശുദ്ധീകരണ പ്ലാന്റിനു സമീപത്തുവച്ച് ആകാശിനെ കടിച്ച നായ പിന്നീട് ഹുസ്നയെയും പിന്നാലെ യോടി ആക്രമിക്കുകയായിരുന്നു. ഹുസ്നക്കും ആകാശിനും കാലിനും കൈയിലും പരിക്കുണ്ട്. നാലുപേരെയും കടിച്ചത് ഒരു നായയാണെന്നു നാട്ടുകാര്‍ പറയുന്നു. വീണുപോയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം മുറിവുപറ്റിയിട്ടുണ്ട്. ഇവരെ കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമികശു ശ്രൂഷ നല്‍കിയശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നായയുടെയും കുറുക്കന്റെയും കടിയേറ്റവര്‍ക്ക് പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് നടത്തി.