Top Stories
ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്‌റ്രറിറ്റിയൂട്ടിന്‌ കേന്ദ്രം സാധ്യമായ എല്ലാ സഹായവും നല്‍കും; ടി.ബി.ജി.ആര്‍.ഐ. ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ അനുകൂല നിലപാട്‌- കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ്‌ വര്‍ദ്ധന്‍
May 25, 2016

25, May 2016

തിരുവനന്തപുരം: ആരോഗ്യ ചികിത്സാ ഗവേഷണ രംഗത്ത്‌ മികച്ച പ്രവര്‍ത്തനം കാഴ്‌ച വയ്‌ക്കുന്ന തിരുവനന്തപുരത്തെ ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്‌റ്രറിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്‌ കേന്ദ്രഗവണ്‍മെന്റ്‌ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന്‌ കേന്ദ്ര ശാസ്‌ത്രസാങ്കേതിക മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. കേന്ദ്രഗവണ്‍മെന്റ്‌ അധികാരത്തിലേറിയിട്ട്‌ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച്‌ തന്റെ മന്ത്രാലയം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാന്‍ തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 13 കേന്ദ്രങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. ഹര്‍ഷ വര്‍ദ്ധന്‍. ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റും അവരുടെ പങ്ക്‌ വഹിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പാലോട്ടുള്ള ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (ടി.ബി.ജി.ആര്‍.എ) ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്രത്തിന്‌ തികച്ചും അനുകൂലമായ നിലപാടാണുള്ളതെന്ന്‌ മറ്റൊരു ചോദ്യത്തിന്‌ ഉത്തരമായി ഡോ.ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. കേന്ദ്രഗവണ്‍മെന്റിന്റെ വിദഗ്‌ധര്‍ അടങ്ങുന്ന സംഘം ഇതിനകം ഇന്‍സ്റ്റിറ്റ്യൂട്ട്‌ സന്ദര്‍ശിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. കടല്‍ക്ഷോഭം, മിന്നല്‍ എന്നിവ മൂലം ഉണ്ടാകുന്ന മരണങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ദീര്‍ഘകാലമായുള്ള സംസ്ഥാനത്തിന്റെ ആവശ്യം പരിണഗിക്കുന്നതിലെ തടസ്സം പരിശോധിക്കുമെന്നും ചോദ്യത്തിനുത്തരമായി ഡോ. ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

ബയോ പൈറസി നേരിടുന്നതിന്റെ ഭാഗമായി ആരോഗ്യരംഗത്തെ രാജ്യത്തിന്റെ സമ്പന്നമായ പരമ്പരാഗത അറിവ്‌ പരിരക്ഷിക്കുന്നതിന്‌ സി.എസ്‌.ഐ.ആറിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ഡിജിറ്റല്‍വല്‍ക്കരണം പാരമ്പര്യ വൈദ്യന്മാരുടെ പ്രവര്‍ത്തനങ്ങളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പാലിലെ മായം കണ്ടുപിടിക്കുന്നതിനായി സി.എസ്‌.ഐ.ആര്‍ രൂപകല്‍പ്പന ചെയ്‌ത ക്ഷീര സ്‌കാനറുകള്‍ കേരളമുള്‍പ്പെടെ രാജ്യത്തെ 40 കേന്ദ്രങ്ങളില്‍ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്‌. ഗ്രാമതലത്തിലുള്ള ക്ഷീരസൊസൈറ്റികള്‍ക്കും കുറഞ്ഞ ചെലവില്‍ മായം ചേര്‍ക്കല്‍ കണ്ടപിടിക്കുന്നതിന്‌ സഹായിക്കുന്ന ഈ സാങ്കേതിക വിദ്യ രാജ്യമൊട്ടുക്ക്‌ വ്യാപിപ്പിക്കുന്നമെന്നും ഡോ. ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു.

ഗവേഷണ ഫെല്ലോഷിപ്പ്‌ തുകയില്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചും, ശാസ്‌ത്ര എഞ്ചിനീയറിംഗ്‌ മേഖലയില്‍ നൂതന ഗവേഷണത്തിനായി മൂന്ന്‌ വര്‍ഷത്തേക്ക്‌ 50 ലക്ഷം രൂപയുടെ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയും യുവ ശാസ്‌ത്രജ്ഞര്‍ക്കായി നാഷണല്‍ പോസ്റ്റ്‌ ഡോക്ടറല്‍ ഫെല്ലോഷിപ്പ്‌, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വതന്ത്ര ഗവേഷണത്തിന്‌ പ്രോത്സാഹനം നല്‍കാന്‍ ഇന്‍സ്‌പെയര്‍ പദ്ധതി തുടങ്ങിയവ ആരംഭിച്ചും രാജ്യത്തെ ശാസ്‌ത്രജ്ഞരുടെയും, ഗവേഷകരുടെയും വിദേശ കുടിയേറ്റ പ്രവണത തടയാന്‍ ഒട്ടേറെ പദ്ധതികള്‍ കേന്ദ്രഗവണ്‍മെന്റ്‌ നടപ്പിലാക്കിയതായി അദ്ദേഹം പറഞ്ഞു.

നാനോ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി ഗവേഷണത്തിന്‌ ദേശീയ ഗവേഷണ മിഷന്‍, രാജ്യത്ത്‌ ഗുരുത്വാകര്‍ഷണ നിരീക്ഷകേന്ദ്രം സ്ഥാപിക്കാനുള്ള നടപടികള്‍, ബഹിരാകാശ നിരീക്ഷണത്തിനായി നൈനിറ്റാളിന്‌ സമീപം ദേവസ്ഥലില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഒപ്‌റ്റിക്കല്‍ ടെലിസ്‌കോപ്പ്‌ സ്ഥാപിക്കല്‍, നക്ഷത്രസമൂഹങ്ങളില്‍ നക്ഷത്രങ്ങള്‍ രൂപമെടുക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിനായുള്ള അള്‍ട്രാവയലറ്റ്‌ ഇമേജിംഗ്‌ ടെലിസ്‌കോപ്പിന്റെ രൂപകല്‍പ്പന തുടങ്ങിയവ ശാസ്‌ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ സുപ്രധാന നേട്ടങ്ങളില്‍ ഉള്‍പ്പെടുമെന്ന്‌ ഡോ. ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇതാദ്യമായി ശാസ്‌ത്ര മേഖലയ്‌ക്കുള്ള വിഹിതം വെട്ടിക്കുറച്ചില്ലെന്ന്‌ മാത്രമല്ല, ഇക്കൊല്ലം വര്‍ദ്ധിപ്പിക്കുകയും ചെയ്‌തുവെന്ന്‌ കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക മന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹിയില്‍ നിന്ന്‌ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ്‌ ഡോ.ഹര്‍ഷവര്‍ദ്ധന്‍ ജമ്മ കാശ്‌മീര്‍, ഗുവാഹത്തി, കൊല്‍ക്കത്ത, ഉത്തര്‍പ്രദേശ്‌, ഛണ്‌ഡീഗഡ്‌, ഭുവനേശ്വര്‍, പൂന, ഹൈദരാബാദ്‌, ബാംഗ്ലൂര്‍, ചെന്നൈ, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലെ വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക്‌ ഡോ.ഹര്‍ഷവര്‍ദ്ധന്‍ മറുപടി നല്‍കിയത്‌. പ്രസ്സ്‌ ഇന്‍ഫര്‍ഷേന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ശ്രീ. ഫ്രാങ്ക്‌ നൊറോണ പരിപാടി നിയന്ത്രിച്ചു.

Share this post: