Top Stories
ശ്രീ മംഗള സഹസ്ര ചണ്ഡീ മഹായാഗം
November 23, 2016

23-Nov-2016
മലപ്പുറം: ലോക മംഗളത്തിനും സമാധാനത്തിനും വേണ്ടി കോഴിക്കോട്‌ പന്തീരാങ്കാവ്‌ ഗണേശ സാധനാ കേന്ദ്രത്തില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ ശ്രീ മംഗള സഹസ്ര ചണ്ഡീ മഹായാഗം നടക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തമിഴ്‌നാട്‌ ശ്രീവിദ്യ പരാംബികാ പീഠം മഠാധിപതി ശ്രീലശ്രീ പ്രണവാനന്ദ സരസ്വതി വധൃത സ്വാമികളുടെ നേതൃത്വത്തിലാണ്‌ യാഗം നടക്കുക. യാഗത്തിന്റെ ഭാഗമായി ഗോകര്‍ണ്ണം ശ്രീ മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ നിന്ന്‌ ശ്രീദക്ഷിണാമൂര്‍ത്തി വിഗ്രഹവും, കൊല്ലൂര്‍ ശ്രീ മുകാംബിക ക്ഷേത്രത്തില്‍ നിന്ന്‌ യാഗദീപവും , കട്ടില്‍ ശ്രീ ദുര്‍ഗ്ഗാ പരമേശ്വരീ ക്ഷേത്രത്തില്‍ നിന്ന്‌ മാഹാത്മ്യഗ്രന്ഥവും വഹിച്ചുകൊണ്ടുളള രഥയാത്ര യാഗവേദിയില്‍ അവസാനിച്ചിട്ടുണ്ട്‌. 30ന്‌ പുലര്‍ച്ചെ ജഗദ്‌ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമികള്‍ ധ്വജാരോഹണം നടത്തുന്നതോട്‌ കൂടി യാഗക്രിയകള്‍ ആരംഭിക്കും. ആഴ്‌വാഞ്ചേരി കൃഷ്‌ണന്‍ തമ്പ്രാക്കള്‍, സാമൂതിരി ഉണ്ണി അനുജന്‍രാജ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി ഗിരിരാജ്‌ സിംഗ്‌ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ വിവിധ ദിവസങ്ങളിലായി ആര്‍.എസ്‌.എസ്‌ പ്രാന്ത കാര്യവാഹ്‌ ഗോപാലന്‍കുട്ടി മാസ്റ്റര്‍, സ്വാമി അമൃതകൃപാനന്ദപുരി, മുല്ലപ്പളളി നാരായണ നമ്പൂതിരി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, മധുമണി അംബ, കാ.ഭാ സുരേന്ദ്രന്‍, സ്വാമി യോഗാനന്ദ സരസ്വതി, പരവൂര്‍ രാകേഷ്‌ തന്ത്രികന്‍, ശശികല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ കുനിയമ്പലത്ത്‌ രാജന്‍, കെ.എന്‍. വിശ്വനാഥന്‍, പി.എം. ജയപ്രകാശന്‍, പി.വി വിജയകുമാര്‍ , നാരായണന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.

Share this post: