Top Stories
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇനിമുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും
November 26, 2016

26-Nov-2016

തേഞ്ഞിപ്പലം:സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇനിമുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ കലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കുന്ന കായികമേളയോടെ ഇതിന് തുടക്കമാകും. സ്കൂള്‍ കായികമേളയുടെ പേര് കായികോത്സവം എന്നാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഡോ. സി രവീന്ദ്രനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മേളകള്‍ ഉത്സവങ്ങളാക്കി മാറ്റുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി മോഹന്‍കുമാര്‍ പറഞ്ഞു.
സംസ്ഥാന കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച കലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം നടന്നു. രജിസ്ട്രേഷനായി ഓരോ ജില്ലകള്‍ക്കുമായി 14 കൌണ്ടറുകള്‍ ഏര്‍പ്പെടുത്തും. ഓരോ കൌണ്ടറിലും നാലു പേരെ നിയോഗിക്കും. മേളയുടെ പ്രചാരണാര്‍ഥം സ്കൂളുകളില്‍ സ്വാഗതബോര്‍ഡുകള്‍ സ്ഥാപിക്കും. 60 പേര്‍ അടങ്ങിയ സംഘത്തിന്റെ കൂട്ടയോട്ടം നടത്തും. സ്കൂളുകളില്‍ സ്പോര്‍ട്സ് ക്വിസ് സംഘടിപ്പിക്കും. 4000 പേര്‍ക്ക് ദിവസവും ഭക്ഷണമൊരുക്കും. ആയിരം പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ സൌകര്യമൊരുക്കും. താമസ സ്ഥലത്ത് നിന്ന് കായിക താരങ്ങളെ എത്തിക്കാന്‍ വാഹന സൌകര്യമുണ്ടാകും. മത്സരം ആരംഭിക്കുന്ന ദിവസം പരപ്പനങ്ങാടി, ഫറോക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും വാഹന സൌകര്യം ഏര്‍പ്പെടുത്തും.
കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് നിര്‍വഹിക്കുക. സമാപന സമ്മേളനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. അവലോകന യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി മോഹന്‍കുമാര്‍, പി അബ്ദുള്‍ഹമീദ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. മേളയുടെ പന്തലിന്റെ കാല്‍നാട്ടല്‍ സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ പി അബ്ദുള്‍ഹമീദ് എംഎല്‍എ നിര്‍വഹിച്ചു.

Share this post: