Top Stories
സംസ്ഥാന സ്‌കൂള്‍ കായിമാമാങ്കത്തിന്‌ കലിക്കറ്റ്‌ സര്‍വ്വകലാശാല ഗ്രൗണ്ടില്‍ ഇന്ന്‌ തുടക്കം ദീപശിഖാ പ്രയാണം നടന്നു
December 03, 2016

kayikamela03-Dec-2016

മലപ്പുറം: അറുപതാമത്‌ സംസ്ഥാന സ്‌കൂള്‍ കായിമാമാങ്കത്തിന്‌ കലിക്കറ്റ്‌ സര്‍വ്വകലാശാല ഗ്രൗണ്ടില്‍ ഇന്ന്‌ തുടക്കമാകും. കാലിക്കറ്റ്‌ സര്‍വ്വകലാശാല സിന്തറ്റിക്‌ സ്‌റ്റേഡിയത്തിലാണ്‌ കായികമേള നടക്കുന്നത്‌. രാവിലെ ഒന്‍പതിന്‌ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. 3.30ന്‌ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പി അബ്ദുല്‍ ഹമീദ്‌ എം എല്‍ എ അധ്യക്ഷനാവും. ഒളിമ്പ്യന്‍ പി ടി ഉഷ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്‌റ്റന്‍ പി എ ശ്രീജേഷ്‌ എന്നിവര്‍ വിശിഷ്ടാതിഥികളാവും. കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ ഗ്രൗണ്ടില്‍ ഇന്നലെ രാവിലെ 10ന്‌ ബാഡ്‌മിന്റണ്‍ താരം അപര്‍ണ ബാലന്‍ ദേശീയ ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ താരം റഷാദ്‌ അലിക്ക്‌ ദീപശിഖ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. മെഡിക്കല്‍ കോളെജ്‌ സ്‌കൂള്‍, പന്തീരംകാവ്‌ ഹൈസ്‌കൂള്‍, സേവാമന്ദിരം ഹൈസ്‌കൂള്‍, രാമനാട്ടുകര മിസരി ജംഗ്‌ഷന്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 3 മണിയോടെ മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ എത്തിയ ദീപശിഖ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാജേഷിന്റെയും മറ്റു ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നുള്ള പ്രയാണത്തിനുശേഷം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പ്രധാന കവാടത്തിലെത്തില്‍ കാലിക്കറ്റ്‌ വി സി ഡോ. മുഹമ്മദ്‌ ബഷീറും ജനപ്രതിനിധികളും സ്വീകരിച്ചു. നിയോജകമണ്‌ഡലം എംഎല്‍എ പി അബ്‌ദുല്‍ ഹമീദില്‍ നിന്നും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ അബ്‌ദുലസലാം ദീപശിഖ ഏറ്റുവാങ്ങി ബഹുജന റാലിയുടെ അകമ്പടിയോടെ സര്‍വ്വകലാശാല ഗസ്റ്റ്‌ ഹൗസില്‍ എത്തിച്ചു. ഇന്ന്‌്‌ ഉച്ചക്ക്‌ രണ്ടിന്‌ സര്‍വ്വകലാശാല കവാടത്തില്‍ നിന്ന്‌ പുനരാരംഭിക്കുന്ന ദീപശിഖാ പ്രയാണത്തില്‍ പി ടി ഉഷ, അഞ്ചു ബേബി ജോര്‍ജ്‌, മേഴ്‌സിക്കുട്ടന്‍ എന്നിവര്‍ പങ്കെടുക്കും. കെ ടി ഇര്‍ഫാനാണ്‌ ഗ്രൗണ്ടില്‍ ദീപം തെളിക്കുക.

Share this post: