Top Stories
സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗ രേഖയുമായി അയനം കൂട്ടായ്മ
July 17, 2017

16-Jul-2017
മഞ്ചേരി: ജില്ലയിലെ സഞ്ചാരപ്രിയരായ അദ്ധ്യാപകരുടെ കൂട്ടായ്മയാണ് അയനം അദ്ധ്യാപക യാത്രാ കൂട്ടായ്മ. യാത്രകളുടെ ലഹരി ആസ്വദിക്കുന്നതിനു പുറമെ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി ഒരു കൈപ്പുസ്തകം തയ്യാറാക്കി കൂട്ടായ്മ ശ്രദ്ധേയമായിരിക്കയാണ്. യാത്രയുടെ കയ്യൊപ്പ് എന്ന പേരില്‍ തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ 46 പേരുടെ യാത്രാകുറിപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. സ്‌കൂള്‍ പഠനയാത്രകള്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലേക്കും സ്ഥിരം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വേറിട്ട കേന്ദ്രങ്ങളിലേക്ക് വെളിച്ചം വീശുകയാണ് പുസ്തകത്തിലൂടെ അയനം. മണമ്പൂര്‍ രാജന്‍ ബാബു, പി സുരേന്ദ്രന്‍, ബാലകൃഷ്ണന്‍ വളപ്പില്‍, റഹ്മാന്‍ കിടങ്ങയം, രാജന്‍ കരുവാരക്കുണ്ട്, ശങ്കരനാരായണന്‍ മലപ്പുറം, കെ പി സുലൈഖ, ബിന്ദു, ഷംസത്ത് ബീഗം തുടങ്ങിയ പ്രശസ്തരും തങ്ങളുടെ യാത്രാനുഭവങ്ങള്‍ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. ഹിമാലയന്‍ യാത്രകള്‍, ഉത്തരേന്ത്യന്‍ സ്ഥലങ്ങള്‍, ദക്ഷിണേന്ത്യയിലെ പ്രസിദ്ധ കേന്ദ്രങ്ങള്‍, കേരള സഞ്ചാരം, വനസഞ്ചാരം, മലപ്പുറം യാത്രകള്‍, തുടുംബ യാത്രകള്‍ തുടങ്ങി നിരവധി അനുഭവക്കുറിപ്പുകളുള്ള കൈപ്പുസ്തകത്തില്‍ പത്തോളം വനിതാ സഞ്ചാരികളും എഴുതിയിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകനും അദ്ധ്യാപകനുമായ ഡോ. പ്രമോദ് ഇരുമ്പുഴിയും അലക്‌സ് തോമസ് കരീപ്പുഴയുമാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍.

Share this post: