16-Jul-2017
മലപ്പുറം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്രആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2017-18 വര്ഷത്തേക്കുള്ളസ്മാര്ട്ട് കാര്‍ഡ് പുതുക്കലും വിതരണവും ജൂണ്‍ 30നു അവസാനിച്ചപ്പോള്‍ ജില്ലയില്‍ 335696 കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗങ്ങളായി. മുന്‍വര്‍ഷം 307324 കുടുംബങ്ങളാണ് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ടായിരുന്നത്. ഈ വര്‍ഷം 28372 കുടുംബങ്ങള്‍ അധികമായി പദ്ധതിയില്‍ ചേര്‍ന്നു.
പദ്ധതി പ്രകാരം സ്മാര്‍ട്ട്കാര്‍ഡ് ഉള്ള കുടുംബങ്ങള്‍ക്ക് സാധാരണ രോഗങ്ങള്‍ക്ക് 30000 രൂപയുടെ സൗജന്യചികിത്സയും കാന്‍സര്‍, ഹൃദയ, വൃക്ക, കരള്‍, ന്യൂറോ, അപകട ട്രോമാ കെയര്‍ മുതലായ അസുഖങ്ങള്‍ക്ക് 70000 രൂപയുടെ അധിക ചികിത്സയും കൂടാതെ സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അറുപതു വയസ് തികഞ്ഞ അംഗത്തിനും 30000 രൂപയുടെ സീനിയര്‍ സിറ്റിസന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ചികിത്സയും ലഭിക്കുന്നതാണ്.
ജില്ലയില്‍ 13 സ്വകാര്യ ആശുപത്രികള്‍ വഴിയും 17 സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 29396 രോഗികള്‍ക്ക് 13 കോടി രൂപയുടെ സൗജന്യ ചികിത്സ ഈ ആശുപത്രികള്‍ വഴി നല്കി.
തൊഴില്‍ വകുപ്പിന് കീഴില്‍ ഉള്ള സമഗ്ര ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള അഥവാ ചിയാക് ആണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. പദ്ധതിയെ കുറിച്ചും പദ്ധതി ലഭ്യമായ ആശുപത്രികളെ കുറിച്ചും അറിയാന്‍ 18002002530 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപെടാവുന്നതാണ്.