Top Stories
സര്‍ക്കാറിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടേയും കരുണക്കു കാത്തു നില്‍ക്കാതെ രോഗികള്‍ക്കായി ജനകീയ വിഭവ സമാഹരണം നടത്തുമെന്ന് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി
July 18, 2017

18-Jul-2017
മലപ്പുറം: വൃക്ക രോഗികളെ സഹായിക്കുന്ന പ്രവര്‍ത്തനത്തിന് സാമ്പത്തിക പ്രതിസന്ധി വെല്ലുവിളി തീര്‍ക്കുമ്പോള്‍ സര്‍ക്കാറിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടേയും കരുണക്കു കാത്തു നില്‍ക്കാതെ രോഗികള്‍ക്കായി ജനകീയ വിഭവ സമാഹരണം നടത്തുമെന്ന് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി. പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കാന്‍ തിങ്കളാഴ്ച സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം ചെരും. 25, 27 തീയ്യതികളില്‍ മത സൈമൂഹ്യ സന്നദ്ധ സംഘടനകള്‍, അധ്യാപക സംഘടനകള്‍,സര്‍വീസ് സംഘടനകള്‍, വിവിധ വകുപ്പുമേധാവികള്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് ഫണ്ടനുവദിക്കുന്നതു സംബന്ധിച്ച് തദ്ദേശഭരണ വകുപ്പു മന്ത്രി കെ ടി ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ രംഗത്തു വന്നത്. സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ല, അക്കൗണ്ട് ഓഡിറ്റ് നടക്കുന്നില്ല തുടങ്ങിയ മന്ത്രിയുടെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പിന്തുണയോടെ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സഹായമെത്തിക്കാനായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് മലപ്പുറം ജില്ല കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി. സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന എന്ന നിലയില്‍ ചാര്‍ടേഡ് അക്കൗണ്ടന്റ് എല്ലാ വര്‍ഷത്തേയും വരവു ചെലവു കണക്കുകള്‍ ഓഡിറ്റു ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ അനുമതിപ്രകാരമാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഫണ്ടനുവദിക്കുന്നത്. ഈ ഫണ്ടിന്റെ വിനിയോഗം സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനു വിധേയമാക്കണമെന്ന് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. പകരം പണം നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സൊസൈറ്റി നടത്തുന്ന ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ യൂട്ടിലൈസേഷന്‍ സര്‍ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം. ഇത് യഥാസമയം ചെയ്യുന്നുണ്ട്. വരവു ചെലവു കണക്കുകള്‍ റിപ്പോര്‍ട്ടു ബുക്കായി അച്ചടിച്ച് വിതരണം ചെയ്യാറാണ് പതിവ്. ജനകീയ സംവിധാനത്തിന് ജനകീയ ഓഡിറ്റംഗാണ് നടക്കുന്നതെന്നും സഹായം നല്‍കുന്നവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്താത്തത് രോഗികളോടുള്ള മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണെന്നും ഇത് ആവശ്യമെങ്കില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് ഒരുക്കമാണെന്നും രോഗികള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയില്‍ അനര്‍ഹര്‍ വിഹിതം പറ്റുന്നു എന്ന മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ഫണ്ട് നിഷേധിക്കുന്നതിന് സര്‍ക്കാര്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്കു മറുപടി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ല. ഇക്കാര്യം മന്ത്രി കെ ടി ജലീലിന്റെ ശ്രദ്ധയില്‍പെടുത്തിയതാണ്. സൊസൈറ്റിയെ എതിര്‍ക്കുന്നതിനു പിന്നില്‍ മന്ത്രിക്കുള്ള താല്‍പര്യം വ്യക്തമല്ല. ഫണ്ട് നല്‍കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുതുക്കി നല്‍കാത്തതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലും മുന്‍ സാമ്പത്തിക വര്‍ഷത്തിലും ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കിഡ്‌നി സൊസൈറ്റിക്ക് ഫണ്ടു നല്‍കാനായിട്ടില്ല. ഇനി പ്രത്യേക അനുമതി ലഭിച്ചാല്‍ തന്നെ അടുത്ത വര്‍ഷം ഫെബ്രുവരിയിലെ ഫണ്ടു ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ജനകീയ ഫണ്ടു സമാഹരണത്തിനു ശ്രമിക്കുന്നത്. 3.5 കോടി രൂപയാണ് അനിവാര്യമായി വേണ്ടത്. അടുത്ത മാസം വിഭവ സമാഹരണം നടത്തി ജീവകാരുണ്യ പ്രവര്‍ത്തനം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാനാണ് പദ്ധതി തയ്യാറാക്കുന്നത്. സൊസൈറ്റി ചെയര്‍മാന്‍ ഡോ. എ മജീദ്, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍, ഖജാഞ്ചി ഡോ. അബൂബക്കര്‍ തയ്യില്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി സുധാകരന്‍, എക്‌സി്ക്യൂട്ടീവ് അംഗം എ കെ അബ്ദുറഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share this post: