Top Stories
സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഉന്നത വിജയം നേടിയ മലയാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു
June 02, 2017

02-Jun-2017

തിരുവനന്തപുരം : സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഉന്നത വിജയം നേടിയ മലയാളികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കേരളാ സ്റ്റേറ്റ്‌ സിവില്‍ സര്‍വീസ്‌ അക്കാദമി വഴി ഈ വര്‍ഷം 115 പേര്‍ക്കാണ്‌ പരിശീലനം നല്‍കിയത്‌. ഇതില്‍ 51 പേരും യോഗ്യത നേടിയത്‌ സന്തോഷകരമാണ്‌. മെയിന്‍ പരീക്ഷ-ഇന്റര്‍വ്യൂ പരിശീലനത്തിന്‌ തിരുവനന്തപുരത്തും പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന്‌ പാലക്കാട്‌, കോഴിക്കോട്‌, പൊന്നാനി എന്നിവിടങ്ങളിലുമാണ്‌ കേന്ദ്രങ്ങളുളളത്‌. പ്രിലിമിനറി പരീക്ഷ പാസ്സാകുന്ന കുട്ടികള്‍ക്ക്‌ മെയിന്‍ പരീക്ഷാ പരിശീലനവും, മെയിന്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക്‌ ഇന്റര്‍വ്യൂ പരിശീലനവും നല്‍കണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്‌. കൂടാതെ ഡല്‍ഹിയില്‍ താമസ സൗകര്യവും യാത്രാസൗജന്യവും നല്‍കിവരുന്നുണ്ട്‌. എല്ലാ ജില്ലകളിലും പ്രിലിമിനറി പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്‌. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സരപരീക്ഷകള്‍ക്ക്‌ മുന്‍കൂട്ടി പരിശീലനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ 10 ജില്ലകളില്‍ അടിസ്ഥാന പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ട്‌. തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളിയോടൊപ്പം പതിമൂന്നാം റാങ്കുകാരന്‍ ജെ.അതുലും (കണ്ണൂര്‍) മറ്റൊരു ജേതാവ്‌ അനു വിവേകും (എറണാകുളം) മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

Share this post: