Top Stories
സി.കോയക്കുട്ടി മുസ്‌ലിയാരുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മേളനം
May 05, 2016

04, May 2016
ലാളിത്യം ജീവിതശൈലിയാക്കിയ പണ്ഡിതനായിരുന്നു കോയക്കുട്ടി മുസ്‌ലിയാര്‍: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

ഹിദായ നഗര്‍ (തിരൂരങ്ങാടി): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാരുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മേളനം.
റജബ് മാസത്തെ വിശുദ്ധമായ ഇരുപത്തിയേഴാം രാവില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവഴ്‌സിറ്റിയില്‍ നടത്താറുള്ള പ്രാര്‍ത്ഥനാ സമ്മളനത്തിന് സി. കോയക്കുട്ടി മുസ്‌ലിയാരായിരുന്നു നേതൃത്വം നല്‍കാറുണ്ടായിരുന്നത്. ലളിതവും പണ്ഡിതോചിതവുമായ ഉസ്താദിന്റെ ഉപേദശവും ആത്മീയനിര്‍ഭരമായ പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ നൂറുകണക്കിനാളുകായിരുന്നു വര്‍ഷം തോറും ദാറുല്‍ഹുദാ കാമ്പസിലേക്കൊഴികിയിരുന്നത്. ശൈഖുനാ കോയക്കുട്ടി മുസ്‌ലിയാരില്ലാത്ത ഇത്തവണത്തെ മിഅ്‌റാജ് സമ്മേളനം അദ്ദേഹത്തിന്റെ സ്മരണയില്‍ പ്രാര്‍ത്ഥനാ നിബിഡമായി.
സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലാളിത്യവും നിസ്വാര്‍ത്ഥതയും ജീവിത ശൈലിയാക്കിയ പണ്ഡിതനായിരുന്നു അന്തരിച്ച സമസ്ത പ്രസിഡന്റ് കോയക്കുട്ടിമുസ്‌ലിയാരെന്ന് തങ്ങള്‍ സ്മരിച്ചു. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ധാര്‍മിക ബോധമുള്ളവരാക്കണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അതിനായി പ്രത്യേകം സമയം കണ്ടെത്താറുണ്ടായിരുന്നുവെന്നും തങ്ങള്‍ ഓര്‍മിച്ചു. കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈല്‍ അധ്യക്ഷത വിഹിച്ചു. അഹ്മദ് ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് മിഅറാജ് പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറാംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനാ സദസ്സിനു നേതൃത്വം നല്‍കി. മരക്കാര്‍ മുസ്‌ലിയാര്‍ നിറമരുതൂര്‍, സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, സൈതാലിക്കുട്ടി ഫൈസി കോറാട്, വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, തോപ്പില്‍ കുഞ്ഞാപ്പുഹാജി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തള്ളി, ശാഹുല്‍ ഹമീദ് തങ്ങള്‍ ജമലുല്ലൈല്‍, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, എം.എ ചേളാരി, കാളാവ് സൈദലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം,ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു. യു.ശാഫി ഹാജി ചെമ്മാട് സ്വാഗതവും പി.കെ നാസര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണ സ്വലാത്ത് മജ്‌ലിസിനു സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കി. ദാറുല്‍ഹുദാ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ സൈനുല്‍ ഉലമായുടെ പ്രഭാഷണങ്ങള്‍ സി.ഡി അബ്ബാസലി തങ്ങള്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജിക്കു കോപ്പി നല്‍കി പ്രകാശനം ചെയ്തു.

Share this post: