Top Stories
സ്‌കൂളിലെ പ്രതിരോധ കുത്തിവെപ്പ് വിവരം: ഒരു മാസത്തിനകം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കൈമാറണം
June 23, 2016

23-June-2016
മലപ്പുറം : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയതിന്റെ വിവരങ്ങള്‍ ശേഖരിച്ച് സ്‌കൂള്‍ തുറന്ന് ഒരു മാസത്തിനകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യപ്രര്‍ത്തകര്‍ക്ക് തുടര്‍നടപടിക്കായി കൈമാറണമെന്ന് നിര്‍ദ്ദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പൂര്‍ണ്ണമായി കുത്തിവെയ്പ്പ് എടുത്തവര്‍, പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ലാത്തവര്‍, പ്രതിരോധ കുത്തിവെയ്പ്പിന്റെ വിശദവിവരം അറിയില്ലാത്തവര്‍ എന്നിവരുടെ വിശദാംശങ്ങളാണ് പ്രധാനാധ്യാപകന്‍ ശേഖരിച്ച് കൈമാറേണ്ടത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കിടയിലുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവസ്ഥ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്കും കമ്മീഷന്‍ മെമ്പര്‍ ഫാദര്‍ ഫിലിപ്പ് പരക്കാട്ടിന്റെ ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ കുത്തിവെയ്പ്പിനെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് അച്ചടി, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് രണ്ടുമാസത്തിനുളളില്‍ കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്റ്റര്‍ ഡോ. എന്‍. ശ്രീധര്‍ നല്‍കിയ പരാതിയിലാണ് നടപടി.

Share this post: