Top Stories
സ്‌കൂള്‍ പാഠപുസ്തക വിതരണം: 98 ശതമാനം പൂര്‍ത്തിയായി
August 29, 2016

28-Aug-2016
ജില്ലയില്‍ സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക വിതരണം 98 ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുള്ള അറിയിച്ചു. നിലവില്‍ രണ്ട് വോള്യമായിട്ടാണ് സ്‌കൂളുകളില്‍ പാഠപുസ്തകം തയ്യാറാക്കുന്നത്. ഇത് പ്രകാരം ഓണ പരീക്ഷയ്ക്ക് ആവശ്യമുള്ള വിവിധ വിഷയങ്ങളിലെ ആദ്യ വോള്യം വിതരണം പൂര്‍ത്തിയായിട്ടുണ്ട്. പുതിയ സിലബസ് പ്രകാരമുള്ള കംപ്യൂട്ടര്‍ സയന്‍സിന്റെ എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ പുസ്തകങ്ങള്‍ മാത്രമാണ് കുറവുള്ളത്. കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റി അച്ചടി ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ ഈ പുസ്തകത്തിന്റെ 16263 കോപ്പികള്‍ കുറവുള്ളത് മറ്റ് ജില്ലകളില്‍ നിന്നും അടുത്ത ദിവസങ്ങളിലെത്തും. ജില്ലയില്‍ മറ്റ് വിഷയങ്ങളില്‍ അധികമുള്ള 87599 പുസ്തകങ്ങള്‍ മറ്റ് ജില്ലകളിലേയ്ക്ക് നല്‍കും. ജില്ലകള്‍ക്ക് ഇത്തരത്തില്‍ സൗകര്യമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട്ടേയ്ക്കും തിരിച്ചും ഓഗസ്റ്റ് 27, 28, 29, തിയതികളില്‍ വാഹനം പുറപ്പെടുന്നുണ്ട്. സിവില്‍ സ്റ്റേഷനിലെ ഐ.റ്റി@ സ്‌കൂള്‍ ഹാളില്‍ പുസ്തകങ്ങള്‍ സമാഹരിച്ച് ഈ ദിവസങ്ങളില്‍ തന്നെ വിതരണം തുടങ്ങുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ പാഠപുസ്ത വിതരണം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

Share this post: