Top Stories
സ്‌ത്രീസുരക്ഷ ഉറപ്പാക്കാന്‍ കുടുംബങ്ങളെ ജനാധിപത്യവല്‍ക്കരിക്കണം : എ.ആര്‍.സിന്ധു
May 31, 2016

ngo-sindhu31, May 2016
മലപ്പുറം : കേരളത്തിലുള്‍പ്പെടെ സ്‌ത്രീസുരക്ഷ ഉറപ്പാക്കാന്‍ കുടുംബങ്ങളെ ജനാധിപത്യവല്‍ക്കരിക്കണമെന്ന്‌ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി എ.ആര്‍.സിന്ധു അഭിപ്രായപ്പെട്ടു. മലപ്പുറം റോസ്‌ ലോഞ്ച്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള എന്‍.ജി.ഒ യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘സ്‌ത്രീ സുരക്ഷയും ഭരണകൂട നിലപാടുകളും’ എന്ന വിഷയത്തെ അധികരിച്ച്‌ നടത്തിയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയിലാകെ സ്‌ത്രീകളുടെ പദവി അതിദയനീയമാണ്‌.സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോഴും കുറ്റം ചെയ്‌തവര്‍ക്ക്‌ ശിക്ഷ ലഭിക്കുന്ന കേസുകളുടെ എണ്ണം കുറയുകയാണ്‌. ഗാര്‍ഹിക പീഢനം കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടിവരുന്നത്‌ ജാഗ്രതയോടെ കാണേണ്ടതുണ്ട്‌. ചൂഷണത്തിന്റെയും, ജനാധിപത്യവിരുദ്ധ ബോധത്തിന്റെയും ഇടമായി കുടുംബങ്ങള്‍ മാറുകയാണ്‌. കേരളത്തില്‍ സ്‌ത്രീകളുടെ ഉയര്‍ന്ന സാക്ഷരതയുണ്ടെങ്കിലും അതിനനുസരിച്ച്‌ തൊഴില്‍ പങ്കാളിത്തം കുറവാണ്‌. ഇന്റര്‍നെറ്റ്‌ മേഖലയിലും സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്‌. ഇവയ്‌ക്കെതിരായിട്ടുള്ള ചെറുത്തുനില്‍പ്പുകള്‍ കേവലം വാര്‍പ്പ്‌ മാതൃകകളാകരുത്‌. സ്വകാര്യജീവിതത്തിലുള്‍പ്പെടെ സമൂഹം സ്‌ത്രീകള്‍ക്ക്‌ കല്‍പ്പിച്ചിരിക്കുന്ന അമിതമായ നിയന്ത്രണങ്ങള്‍ മാറ്റുകയും സമഭാവനയോടെ സ്‌ത്രീകളെ കാണാനാവുന്ന മാനസികാവസ്ഥ എല്ലാവരിലും സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ സ്‌ത്രീ സ്വാതന്ത്ര്യവും സ്‌ത്രീ സുരക്ഷയും ഉറപ്പാക്കന്‍ കഴിയൂവെന്ന്‌ ഡോ.ഖദീജ മുംതാസ്‌്‌ അഭിപ്രായപ്പെട്ടു. സ്‌ത്രീകള്‍ക്ക്‌ സാമ്പത്തികസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കാനാവണമെന്ന്‌ സെമിനാറില്‍ പങ്കെടുത്ത്‌ പി.കെ. സൈനബ അഭിപ്രായപ്പെട്ടു. എന്‍.ജി.ഒയൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ പി.എച്ച്‌.എം ഇസ്‌മയില്‍ അധ്യക്ഷതവഹിച്ച സെമിനാറിന്‌ വൈസ്‌പ്രസിഡന്റ്‌ സുജാതകൂടത്തിങ്കല്‍ സ്വാഗതവും സംസ്ഥാനവനിതാ സബ്‌കമ്മിറ്റി കണ്‍വീനര്‍ പി.വി.ഏലിയാമ്മ നന്ദിയും രേഖപ്പെടുത്തി.

Share this post: