Main News
ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ഭർത്താവ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

29/04/2018

മലപ്പുറം: ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭത്തില്‍ ഭാര്യ ചാപ്പനങ്ങാടി സ്വദേശി സുബൈദ(48)നെ മലപ്പുറം സി ഐ എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം  അറസ്റ്റു ചെയ്യ്തു.

ഈ മാസം 20 തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവ് ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍ (52)ന്റെ ശരീത്തില്‍ സുബൈദ ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ 22ന് മരിച്ചു. പൊലീസിന് സുബൈദ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങളില്‍ നിന്ന് തുടക്കത്തില്‍ തന്നെ സൂചന ലഭിച്ചിരുന്നു. രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് മരിച്ച സ്ത്രീ എന്ന നിലയില്‍ അവരെ ചോദ്യം ചെയ്യുന്നത് വളരെ പ്രയാസകരമായ വിഷയമായതും ഭര്‍ത്താവിന്റെ മരണത്തില്‍ നിരവധി പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിയായ ഭാര്യ പല കഥകള്‍ മെനഞ്ഞതും പൊലീസിനെ വട്ടം കറക്കിയിരുന്നു.

പ്രതിയുടെയും ഭര്‍ത്താവിന്റെയും ഫോണ്‍കോളുകള്‍ പരിശോധിച്ച് 150 ഓളം പേരെ പോലീസ് ചോദ്യം ചെയ്തു.
അറസ്റ്റിനുശേഷം പ്രതിയുമായി കൃത്യം ചെയ്യാനായി ആസിഡ് വാങ്ങിയ മഞ്ചേരിയിലെ കടയിലും, ആസിഡ് ക്യാന്‍ ഉപേക്ഷിച്ച സ്ഥലത്തും, ബഷീറിനെ ആദ്യം പ്രവേശിപ്പിച്ച ഹോസ്പിറ്റലിനുമുന്നിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രേംജിത്ത്, മലപ്പുറം എസ് ഐ ബി ബിനു, എസ് എസ് ഐ അബ്ദുല്‍ റഷീദ്, എഎസ്‌ഐമാരായ രാമചന്ദ്രന്‍, സുനീഷ്‌കുമാര്‍, സാബുലാല്‍, ശാക്കിര്‍ സ്രാമ്പിക്കല്‍, വനിതാ പോലീസുകാരായ ഷര്‍മിള, അനുറാണി, ബിന്ദു, കവിത, നിഖില എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this post: