Main News
ഇരുപത് വർഷത്തെ കാത്തിരിപ്പ്; ജാസ് മോളുടെ വിധി മറ്റൊന്നായിരുന്നു

30/03/2019

എടവണ്ണ: ജാസ്മോൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇന്ന് റിയാദിലുള്ള ഭർത്താവിന്റെ അടുത്ത് എത്തുമായിരുന്നു.
ഇരുപത‌് വർഷത്തെ കാത്തിരിപ്പ് ബാക്കിവച്ച‌് ഇന്നലെ എടവണ്ണയിൽ ഉണ്ടായ വാഹനാപകടത്തിൽ ജാസ്‌മോൾ യാത്രയായി. വിദേശത്ത‌് ജോലിചെയ്യുന്ന ഭർത്താവിനടുത്തേക്ക‌് ഇന്ന് പോകാനുള്ള ഒരുക്കത്തിനിടെയാണ‌് വാഹനാപകടത്തിൽ ജാസ‌്മോൾ മരിച്ചത‌്. ഭർത്താവ‌് മുഹമ്മദ്കുട്ടി ഇരുപത‌് വർഷമായി റിയാദിലെ ഷാക്കിറയിലാണ‌് ജോലി ചെയ്യുന്നത‌്. ശനിയാഴ‌്ച ജാസ‌്മോളും മക്കളും റിയാദിലേക്ക‌് പോവാനിരിക്കെയാണ‌് വിധി വാഹനാപകടത്തിന്റെ രൂപത്തിൽ ഇവർക്ക് മുമ്പിലെത്തുന്നത്.

സഹോദരൻ മഹ‌്‌റൂഫിന്റെ കൂടെ ഭർതൃവീട്ടിൽനിന്ന‌് അരീക്കോട്ടെ സ്വന്തം വീട്ടിലേക്ക‌് പോവുന്നതിനിടെ മുണ്ടേങ്ങര മാലങ്ങാട് വച്ച‌് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു. ജീപ്പിലുള്ളവരെ എമർജൻസി റെസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങളും നാട്ടുകാരും ട്രോമാകെയര്‍ വള​ന്റിയര്‍മാരും ചേർന്ന് ജീപ്പിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് എടവണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ജാസ‌്മോളെയും സഹോദരൻ മഹ‌്‌റൂഫിനെയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട‌് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജാസ്മോളോടൊപ്പം സഹോദരൻ മഹറുഫും മരണപ്പെട്ടു.
ജാസ്മോളുടെ മക്കളായ ഫാത്തിമ ഷെറിൻ (19), റിസ്‌വാന (16) എന്നിവർ അപകടം നടക്കുമ്പോൾ ജീപ്പിലുണ്ടായിരുന്നു. ഇവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ മറ്റൊരു മകൻ ആദിഷ് (14) കുനിയിലേക്ക് ബസിലാണ് പോയത്. അരീക്കോട് എത്തി ബസിൽനിന്നും ഇറങ്ങിയശേഷമാണ് ആദിഷ് അപകട വാർത്ത അറിയുന്നത്.

Share this post: