Main News
“ഇ.ടി സൗമ്യം സമര്‍പ്പിതം” ഡോക്യുമെന്ററി പ്രകാശനം ചെയ്തു

12/03/2019

മലപ്പുറം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നാല് പതിറ്റാണ്ടുകാലത്തെ രാഷ്ര്ടീയ പൊതു ജീവിതം വരച്ചു കാട്ടുന്ന ഇ.ടി സൗമ്യം സമര്‍പ്പിതം ഡോക്യുമെന്ററി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ പ്രകാശനം ചെയ്തു. ഇ.ടിയുടെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍, ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച കാലത്ത് നടപ്പിലാക്കിയ വിവിധ പരിഷ്‌കാരങ്ങള്‍, മാതൃകാ പദ്ധതികള്‍ എന്നിവയെല്ലാം മികവുറ്റ ദൃഷ്യാവിഷ്‌കാരങ്ങളോടെ പറയുന്ന ഡോക്യുമെന്ററിയില്‍ ജില്ലയിലെ പ്രമുഖ സാഹിത്യകാരന്‍മാരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണമികവിനൊപ്പം ഇ.ടിയെന്ന നേതാവ് നേതൃത്വം നല്‍കുന്ന സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനം ഉള്‍പ്പെടെ പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ വിദ്യാര്‍ഥി നേതാവും തൊഴിലാളി നേതാവും ഒക്കെയായി വളര്‍ന്നു വന്ന ഇ.ടിയുടെ ജീവിതം അനാവരണം ചെയ്യുന്നുണ്ട്. മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, വി.എ കരീം, പി.ടി അജയ് മോഹന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, ഇ. മുഹമ്മദ് കുഞ്ഞി, മുജീബ് കാടേരി, ബാവ വിസപ്പടി പങ്കെടുത്തു.

ഡോക്യൂമെന്ററിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയ ടി.പി.എം ബഷീര്‍, കെ.എം ഷാഫി, സംവിധാനം നിര്‍വ്വഹിച്ച വിജീഷ് ഒലീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഷ്‌റഫ് തെന്നല, കോ-ഓര്‍ഡിനേറ്റര്‍ ശിഹാബ് പെരുവള്ളൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Share this post: