Main News
ഉരുള്‍പൊട്ടലിന് കാരണം കാലാവസ്ഥ വ്യതിയാനം: സെമിനാര്‍

09/09/2019


മലപ്പുറം: ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം കാലാവസ്ഥ വ്യതിയാനമാണെന്നും അത് കൊണ്ട് തന്നെ ക്വാറികള്‍ക്കെതിരായുള്ള വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും കരിങ്കല്‍ ക്വാറിക്രഷര്‍ സംയുക്ത സമിതി ജില്ലാ സെമിനാര്‍ അഭിപ്രായപ്പെട്ടു.സാധാരണ വളരെ ചെറിയ തോതില്‍ മാത്രം മഴലഭിക്കുന്ന നിലമ്പൂരിലും ജില്ലയിലും ഇത്തവണ ലഭിച്ചത് 30 സെന്റി മീറ്റര്‍ മഴയാണ്. മണിക്കൂറുകളോളം നിലക്കാതെ പെയ്ത ഈ മഴ മണ്ണിനെ കുതിര്‍ക്കുകയും അത് ഒലിച്ചിറങ്ങിയതുമാണ് ഒരുള്‍പൊട്ടലിന് കാരണമായത്. സാധാരണ ഖനന പ്രവര്‍ത്തനങ്ങള്‍ ഉരുള്‍പൊട്ടലിന് കരണമാവാറില്ല. പാരിസ്ഥിതിക നിയമങ്ങളും ആഘാത പഠനങ്ങള്‍ക്കും ശേഷമാണ് ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഖനന പ്രവര്‍ത്തനം ശാസ്ത്രീയമായ രീതിയിലുമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തമുണ്ടാവുമ്പോയേക്കും ക്വാറികള്‍ക്ക് നേരെ നിരോധനമേര്‍പ്പെടുത്തുക അല്ല വേണ്ടതെന്നും ശാസ്ത്രീയമായ മുന്‍കരുതലും നിയന്ത്രണങ്ങളുമാണ് വേണ്ടത്. ക്വാറികള്‍ക്കെതിരായ ഈ നീക്കം സമൂഹത്തിന്റെ വികസനത്തെ പിന്നോട്ടടുപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും സെമിനാറില്‍ വിദഗ്ധര്‍ പറഞ്ഞു. സെമിനാറില്‍ കരിങ്കല്‍ ക്വാറിക്രഷര്‍ സംയുക്ത സമിതി ചെയര്‍മാന്‍ കെ.എം കോയാമു അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ വകുപ്പ് വിദഗ്ധന്‍ ഡോ. പി.എസ് ഈസ സെമിനാര്‍ ഉത്ഘാടനം ചെയ്തു. കേരള പരിസ്ഥിതി വകുപ്പ് മുന്‍ ഡയറക്ടര്‍ പി.ശ്രീകണ്ഠന്‍ നായര്‍ വിഷയാവതരണം നടത്തി. റിട്ട.സീനിയര്‍ ജിയോളജിസ്റ്റ് ഡോ. നാസര്‍ അഹമ്മദ്, പൊതുമരാമത്ത് വകുപ്പ് എക്‌സികുട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ഇസ്മായില്‍, ചാര്‍ട്ടേര്‍ഡ് എന്‍ജിനീയര്‍ ഡോ.യു.എ ഷബീര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ടെഡി അട്ടപ്പാടി, ഇ.സി ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ പത്തിരിപാല എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദുരന്ത ഭൂമിയില്‍ സേവനം അനുഷ്ഠിച്ച ക്വാറിക്രഷര്‍ മേഖലയിലെ ഉടമകളെയും തൊഴിലാളികളെയും ആദരിച്ചു. എടക്കര സി.ഐ മനോജ് പറയട്ട ഉത്ഘാടനം ചെയ്തു. ആള്‍ കേരള ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.കെ അലി മൊയ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി. അബ്ദുന്നാസര്‍, എം.എ റസാഖ്, കെ.എം അക്ബര്‍, അഡ്വ.ഫസലുല്‍ ഹഖ്, മുഹമ്മദ് ബാപ്പു,പി.പി റഹ്മാന്‍,എ.ബീരാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

Share this post: