Top Stories
എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
November 22, 2016

22-Nov-2016

തിരുവനന്തപുരം :സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം എം എം മണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, പ്രതിപക്ഷനേതാക്കള്‍ എംഎല്‍എമാര്‍ തുടങ്ങി നിരവധിപേര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലേക്ക് എം എം മണിയുടെ പേര് നിര്‍ദേശിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എം സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
ഉടുമ്പന്‍ചോലയില്‍ നിന്നാണ് മണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ജില്ലയില്‍ കിടങ്ങൂരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ മുണ്ടയ്ക്കല്‍ മാധവന്റെയും ജാനകിയുടെയും ഒമ്പതുമക്കളില്‍ മൂത്തമകനായി 1944 ഡിസംബര്‍ 12 നാണ് എം എം മണി ജനിച്ചത്. കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളിലായിരുന്നു പഠനം. അമ്പതുകളുടെ മദ്ധ്യത്തില്‍ അച്ഛനമ്മമാര്‍ക്കൊപ്പം അദ്ദേഹം ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറി.
ചെറുപ്രായത്തില്‍തന്നെ കുടിയൊഴിപ്പിക്കലിനെതിരായ നിരാഹാര സമരങ്ങളില്‍ പങ്കെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. 1966ല്‍ 22ാം വയസ്സില്‍ സിപിഐ എം അംഗമായി. 1985ല്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2016ല്‍ ഉടുമ്പന്‍ചോലയില്‍നിന്ന് നിയമസഭാംഗമായി. നിലവില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

Share this post: