Main News
എടപ്പാളിലെ തിയേറ്ററിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച തൃത്താല സ്വദേശി പിടിയിൽ

12/05/2018

മലപ്പുറം: എടപ്പാളിൽ ബാലികയെ സിനിമ തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തിയേറ്ററില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസിന് കൈമാറിയത്. എന്നാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് പൊലസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വാര്‍ത്ത പുറത്ത് വിട്ട ഉടനെയാണ് ചങ്ങരംകുളം പോലീസ് കേസെടുക്കുന്നതും പ്രതി കസ്റ്റഡിയിലാവുന്നതും.  ഏപ്രില്‍ 18നാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീ അമ്മയാണെന്ന് പോലീസ് പറഞ്ഞു. മറ്റു കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. KL 46 G 240 എന്ന ബെന്‍സ് വാഹനത്തിലാണ് മൊയ്തീന്‍കുട്ടി എത്തിയത്.

കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള അമ്മക്ക് മനസിലാകുന്നുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.രണ്ടര മണിക്കൂറോളമാണ് ഈ ക്രൂരത തുടര്‍ന്നത്.

തിയേറ്ററിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്ന് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്ത് വിടുകയായിരുന്നു. മൊയ്തീന്‍കുട്ടിക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Share this post: