Main News
എനിക്ക് വല്ല്യേ സന്തോഷായി, ങ്ങളെ ഒരിക്കലും മറക്കൂല്ല. കെ.ടി ജലീലിന്റെ സാനിധ്യത്തിൽ മുനീർ സ്വന്തം വീട്ടിലേക്ക്.

11/03/2018

  1. ”എനിക്ക് വല്ല്യേ സന്തോഷായി, ങ്ങളെ ഒരിക്കലും മറക്കൂല്ല”

മഞ്ചേരി: അംഗപരിമിതനായ മുനീറിന്റെ വീടിന്‍െറ പ്രവേശന ചടങ്ങിനെത്തിയ മന്ത്രി കെടി ജലീലിനോട് മുനീര്‍ പറഞ്ഞ വാക്കുകളാണിത്. മന്ത്രിയുടെ നേതൃത്വത്തിലാണ് മുനീറിന് പുതിയ വീടൊരുങ്ങിയത്. കൂടുതൽ മനോഹരമായ ജീവിതത്തിലേക്കും പുതിയ വീട്ടിലേക്കും മുനീറും കുടുബവും മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രവേശിച്ചു. ഭിന്നശേഷിക്കാരനായ പുൽപറ്റ തൃപ്പനച്ചി മുത്തനൂർപാപ്പു വീട്ടിൽ എം.ടി മുനീർ സ്വന്തമായൊരു വീടുണ്ടാക്കാൻ കുറേ വഴികൾ നടന്നു. നാല് സെന്റ് ഭൂമിയിൽ പലരുടേയും സഹായത്താൽ തറ കെട്ടി, പിന്നീടുള്ള പണികൾ സാമ്പത്തിക പ്രയാസം കാരണം വഴിമുട്ടി. വീടുപണി പൂർത്തിയാക്കാൻ സഹായിക്കണമെന്ന അപേക്ഷയുമായി ജില്ലാ കലക്ടറെ കാണാനെത്തിയപ്പോൾ യാദൃശ്ചികമായി മന്ത്രി കെ.ടി ജലീലിനെ കണ്ടുമുട്ടാൻ കഴിഞ്ഞതാണ് മുനീറിന്റെ വീടെന്ന സ്വപ്നത്തിന് വഴിത്തിരിവായത്.

സ്വന്തം നിലക്ക് വീട് പണി പൂർത്തികരിക്കാൻ നിവൃത്തിയില്ലെന്നും സ്ഥിരമായി ജോലിയില്ലെന്നും മന്ത്രിയോട് മുനീർ പറഞ്ഞു. മുനീറിന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അന്ന് തന്നെ മുനീറിന്റെ അപേക്ഷ പരിശോധിക്കാനും കാലതാമസമില്ലാതെ വീടൊരുക്കാനുള്ള നടപടികൾ എടുക്കാനും അധികൃതർക്ക് നിർദേശം നൽകി, കാലതാമസമുണ്ടായാൽ തന്നെ നേരിട്ട് വിളിക്കണമെന്ന് പറഞ്ഞ് സ്വന്തം നമ്പർ എഴുതി കൊടുത്താണ് മന്ത്രി കെ.ടി ജെലീൽ മുനീറിനെ അന്ന് യാത്രയാക്കിയത്. സംസ്ഥാന ലൈഫ് മിഷന് വേണ്ടി തയ്യാറാക്കിയ പട്ടികയിൽ മുനീർ ഉൾപ്പെട്ടത് നടപടികൾ വേഗത്തിലാക്കി, മന്ത്രി തന്നെ തന്റെ സുഹൃത്തുക്കൾ വഴി സാമ്പത്തിക ശേഖരണം നടത്തി. വീടിന്റെ നിർമ്മാണ ചുമതല ‘ ലെൻസ്ഫെഡി’നെ ഏൽപ്പിച്ചു.

സർക്കാരിന്റെ ഇടപെടലും ജനകീയ കൂട്ടായ്മയുമാകുമ്പോൾ എങ്ങനെയാണ് മനുഷ്യരുടെ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താനാവുക എന്നതിന്റെ ഉദാഹരണം കൂടിയാണ് മുനീറിന്റെ രണ്ട് കിടപ്പുമുറിയും അടുക്കളയും സ്വീകരണമുറിയുമുള്ള സ്നേഹഭവനം

Share this post: