Main News
എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനത്തിന് കോഴിക്കോട് നാളെ സ്വീകരണം

16/02/2020
കരിപ്പൂർ:കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനത്തിന് നാളെ കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. പുലര്‍ച്ചെ ആറിന് നടക്കുന്ന സ്വീകരണ പരിപാടിയില്‍ കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ പങ്കെടുക്കും.

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിമാനത്തിന് വാട്ടര്‍ ഗണ്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിക്കുന്നത്. വിമാനത്തില്‍ വന്നിറങ്ങുന്ന യാത്രികരെയും ക്യാപ്റ്റനടക്കമുള്ള ഫ്‌ളൈറ്റ് ക്രൂവിനെയും കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. എംപിമാരും ചടങ്ങില്‍ പങ്കെടുക്കും.

രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിംഗ് വിമാനമാണ് കരിപ്പൂരിലെ റൺവേ നവീകരണത്തിന് ശേഷം പുനരാരംഭിക്കുന്നത്. റൺവേയുടെ നീളം 6000 അടിയിൽ നിന്നും 9000 അടിയായി നവീകരിച്ചിരുന്നു. 2015ലാണ് അറ്റകുറ്റപ്പണിയുടെ പേരിൽ കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങൾ പിൻവലിക്കുന്നത്.മലബാറിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങൾ സർവീസ് പിൻവലിച്ചത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
കരിപ്പൂരിന് പകരം കിലോമീറ്ററുകൾ താണ്ടി
നെടുമ്പാശ്ശേരിയേയും കണ്ണൂരിനെയും
ആശ്രയിക്കേണ്ടി വന്നിരുന്ന പ്രവാസികൾക്ക്
ജംബോ വിമാനങ്ങൾ കരിപ്പൂരിൽ നിന്നും പറന്നുയരുന്നത് വലിയ ഗുണം ചെയ്യും

Share this post: