Main News
ഏഴ് വയസുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ താനൂർ സ്വദേശിയായ യുവതി പിടിയിൽ

30/04/2018

തിരൂരങ്ങാടി: ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ താനൂർ സ്വദേശിനിയെ പൊലിസ് അറസ്റ്റ് ചെയ്തു.
താനൂർ മഠത്തിൽ റോഡ് എടക്കാമഠത്തിൽ സജ്‌ന(27)യാണ് താനൂർ റെയിൽവേ ഗേറ്റിന് സമീപത്തു നിന്നും തിരൂരങ്ങാടി പൊലിസിന്റെ പിടിയിലായത്. ചെമ്മാട് കൊടിഞ്ഞി റോഡ് ബാപ്പുട്ടി ഹാജി നഗറിലെ 7 വയസ്സുകാരിയാണ് 26ന് തട്ടിക്കൊണ്ടു പോയത്.

പാണ്ടിമുറ്റത്തെ ബേക്കറിയിൽനിന്നും ലഭിച്ച ദൃശ്യങ്ങൾ പ്രതിയെ കണ്ടെത്താൻ സഹായകമായി. പെൺകുട്ടിയുടെ കയ്യിൽനിന്നും കാണാതായ സ്വർണ്ണാഭരണം താനൂർ ഡിസൈനർ ജ്വല്ലറി 16,500 രൂപയ്ക്ക് വില്പനനടത്തിയതായി പോലീസ് കണ്ടെത്തി. വിദ്യാർത്ഥിനിയുടെ മദ്രസാ ബാഗ് കാലിക്കറ്റ് യുണിവേഴ്സിറ്റിയിലെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കെ.എൽ 55 ഡബ്ള്യു 7436 സ്‌കൂട്ടർ പൊലിസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ പെൺകുട്ടിയുടെ വീട്ടിലും, കുട്ടിയെ കൊണ്ടുപോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തി.

പാണ്ടിമുറ്റത്തെ ബേക്കറിയിൽനിന്നും ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽനിന്നും ചിത്രം ലഭിച്ചതോടെ ചെമ്മാട് കൊടിഞ്ഞിറോഡിലെ വീട്ടിൽ സജ്ന മുമ്പ് ജോലിചെയ്തതായി ബോധ്യപ്പെട്ടു. പോലീസ് ഇവിടെനിന്നും നമ്പർ ശേഖരിച്ച് സജ്നയുടെ കാമുകൻ മുഖേന വലയൊരുക്കുകയായിരുന്നു.അന്വേഷണത്തിന് എസ്.ഐ വിശ്വനാഥൻ കാരയിൽ, സ്പെഷ്യൽബ്രാഞ്ച് എ.എസ്.ഐ സത്യനാഥൻ, സി.പി.ഒ പമിത്ത്, വനിതാ പൊലിസുകാരായ സുജാത, ഷീജാകുമാരി, പ്രജിഷ. സി തുടങ്ങിയവർ നേതൃത്വം നൽകി.

Share this post: