Top Stories
ഒലിപ്പുഴയുടെ വീണ്ടെടുപ്പിനായി കൂട്ടായ്‌മ
June 03, 2017

03-Jun-2017
മലപ്പുറം : കരുവാരക്കുണ്ട്‌ ഗ്രാമ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കടലുണ്ടിപ്പുഴയുടെ കൈവരികൂടിയായ ഒലിപ്പുഴയുടെ വീണ്ടെടുപ്പിനായി കൂട്ടായ്‌മ ഒരുങ്ങുന്നു. ഒലിപ്പുഴയുടെ പുനരുദ്ധാരണം ലക്ഷ്യംവെച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരുവാരക്കുണ്ട്‌ ഗ്രാമ പഞ്ചായത്ത്‌ ജില്ലാ ഭരണകൂടത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെ 25 മുതല്‍ 40 മീറ്റര്‍ വീതിയില്‍ വര്‍ഷം മുഴുവനും ഒഴുകിയിരുന്ന ഒലിപ്പുഴ ഇന്ന്‌ ഏഴ്‌ മുതല്‍ 15 മീറ്റര്‍ വരെ വീതി കുറഞ്ഞ്‌ നീരൊഴുക്ക്‌ നിലച്ചിരിക്കുകയാണ്‌. അനവധി കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ ഒരു വലിയ ജനസമൂഹത്തിന്റെ ജലസ്രോതസ്സായി ഈ പുഴ നില നില്‍ക്കേണ്ടതുണ്ട്‌. പദ്ധതിയുടെ ഭാഗമായി ഒലിപ്പുഴയുടെ ഉല്‍ഭവം മുതല്‍ കരുവാരക്കുണ്ട്‌ ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്ന ഒമ്പത്‌ കി. മീറ്റര്‍ ദൂരം പുഴ പുറമ്പോക്ക്‌ അളന്ന്‌ തിട്ടപ്പെടുത്തും. തിട്ടപ്പെടുത്തിയ സ്ഥലങ്ങളില്‍ പുഴ കുറഞ്ഞത്‌ 25 മീറ്റര്‍ വീതിയിലെങ്കിലും വീതി കൂട്ടി വൃത്തിയാക്കി പുഴയുടെ സ്വഭാവിക ഒഴുക്ക്‌ ഉറപ്പു വരുത്തും. പൊതുജനങ്ങള്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക. പുഴയുടെ ഇരുകരകളിലും വ്യാപകമായി ഫലവൃക്ഷ തൈകള്‍ പിടിപ്പിച്ച്‌ പരിപാലിക്കുന്നതിന്‌ സംവിധാനങ്ങള്‍ ഒരുക്കുക. ഇരു കരകളിലുമുള്ള പുറമ്പോക്ക്‌ ഭൂമിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നെല്‍കൃഷി, പച്ചക്കറി കൃഷി, നീന്തല്‍കുളങ്ങള്‍, ജൈവ വൈവിധ്യ പാര്‍ക്കുകള്‍, കളി സ്ഥലങ്ങള്‍ എന്നിവ ഒരുക്കുക. പുഴയുടെ സംരക്ഷണത്തിനും മാനെജ്‌മെന്റിനും ജനകീയ സമിതികള്‍ രൂപീകരിക്കുക. തുടങ്ങിയവയാണ്‌ പ്രവര്‍ത്തനങ്ങളാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.
കലക്‌ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മുഹമ്മദ്‌ മാസ്റ്റര്‍, ഡെപ്യൂട്ടി കലക്‌ടര്‍ ഡോ. ജെ.ഒ. അരുണ്‍, ജില്ലാതല പദ്ധതി കണ്‍വീനര്‍ വി. ഉമ്മര്‍കോയ, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി. ഷൗക്കത്തലി, മെമ്പര്‍ വി. ഷബീറലി, എം. മുഹമ്മദ്‌ മാസ്റ്റര്‍, പി. ഉണ്ണിമാന്‍, എന്‍.കെ അബ്‌ദുറഹിമാന്‍, കെ.പി. അലക്‌സാണ്ടര്‍, ജോണ്‍ മാസ്റ്റര്‍, അനില്‍ പ്രസാദ്‌, ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: